വിഗ്രഹലബ്ധി യജ്ഞത്തിന് പൂരക്കാഴ്ച ഒരുക്കാന്‍ 20 ആനകള്‍

tvr gajamela

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധിസ്മാരക മഹായജ്ഞത്തിന്റെ സമാപനത്തിന് നടക്കുന്ന ഗജമേളയില്‍ ഇക്കുറി 20 ആനകളെ പങ്കെടുപ്പിക്കും. തലയെടുപ്പില്‍ മുന്‍പന്തിയില്‍ വരുന്ന ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവാണ് ഗോശാലകൃഷ്ണന്റെ തിടമ്പേറ്റാനെത്തുക.
പുതുപ്പള്ളി കേശവന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, പുതുപ്പള്ളി സാധു, കൊടുമണ്‍ ദീപു, കുളമാക്കല്‍ പാര്‍ത്ഥസാരഥി തുടങ്ങിയ ആനകളും പൂരവിരുന്ന് കൊഴുപ്പിക്കാന്‍ എത്തും. മെയ് 19ന് 2.30ന് ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഗജഘോഷയാത്ര തിരുവന്‍വണ്ടൂരില്‍ എത്തിയശേഷം വൈകിട്ട് അഞ്ചിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഗജമേള.
പാറമേക്കാവ് പൂരസമിതിയുടേതാണ് കുടമാറ്റം. മേളക്കൊഴുപ്പുമായി മേളപ്രമാണി തിരുവല്ല രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന 35 വാദ്യകലാകാരന്മാരുടെ സംഘം പാണ്ടിമേളം നടത്തും.
സിനിമാനടന്‍ സുരാജ് വെഞ്ഞാറമൂടാണ് ഗജമേളയുടെ ഉദ്ഘാടകന്‍. ക്ഷേത്രത്തില്‍ നടന്നുവന്ന ആറാംഘട്ട സപ്താഹം ഞായറാഴ്ച സമാപിച്ചു. തിങ്കളാഴ്ച ഒരുദിവസത്തെ രാമായണ പാരായണമായിരുന്നു. ഏഴാംഘട്ട സപ്താഹം ചൊവ്വാഴ്ച ആരംഭിക്കും.
അന്‍പത്തിയൊന്നുദിവസം നീണ്ട വിഗ്രഹാന്വേഷണ യജ്ഞത്തെത്തുടര്‍ന്നാണ് ഗോശാലകൃഷ്ണവിഗ്രഹം ലഭിച്ചത്. അതിന്റെ അനുസ്മരണമായാണ് എല്ലാ വര്‍ഷവും വിഗ്രഹലബ്ധിസ്മാരക മഹായജ്ഞം നടത്തുന്നത്. 13 മുതല്‍ നൃത്തനൃത്യങ്ങള്‍, സംഗീത സദസ്സ്, ഭജന്‍, ഗാനമേള തുടങ്ങിയവയുണ്ട്.
പതിനെട്ടിന് ആനച്ചമയങ്ങളുടെ പ്രദര്‍ശനം നടക്കും. ഉച്ചയ്ക്കാണ് പ്രസിദ്ധമായ സമൂഹസദ്യ, ഇക്കുറി 175 പറ അരി വയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗോദാനത്തില്‍ അഞ്ചുപേര്‍ക്കാണ് പശുക്കള്‍ നല്‍കുക. ഗോശാലകൃഷ്ണ യജ്ഞപ്രസാദം പദ്ധതിയില്‍ നാലുപേര്‍ക്ക് പ്രതിമാസം 500 രൂപ വീതം പെന്‍ഷന്‍ നല്‍കാനും സംഘാടകര്‍ തീരുമാനിച്ചു.
മോഹനന്‍ വല്യവീട്ടില്‍ (ചെയ.), എസ്.കെ. രാജീവ് (ജന. കണ്‍.), സജു ഇടക്കല്ലില്‍ (ഗോശാലകൃഷ്ണ സേവാസംഘം പ്രസി.), മുരളീധരന്‍ ഹരിശ്രീ (സെക്ര.) എന്നിവരുള്‍പ്പെട്ട കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close