വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം മലേഷ്യ തിരുത്തി

malasia6601

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി സംശയിക്കുന്ന വിമാനത്തില്‍ നിന്ന് ലഭിച്ച അവസാന സന്ദേശം മലേഷ്യ തിരുത്തി. പൈലറ്റുമാരില്‍ ഒരാള്‍ അവസാനമായി പറഞ്ഞ വാചകം ‘ഓള്‍ റൈറ്റ്, ഗുഡ് നൈറ്റ്’ എന്നാണെന്ന് വിമാനം കാണാതായി നാല് ദിവസത്തിനുശേഷം മലേഷ്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ‘ഗുഡ്‌നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ’ എന്നായിരുന്നു അവസാന സന്ദേശമെന്ന് ചൊവ്വാഴ്ച മലേഷ്യന്‍ വ്യോമയാനവകുപ്പ് വ്യക്തമാക്കി. വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുംവരെയുള്ള ആശയവിനിമയത്തിന്റെ വിശദ റിപ്പോര്‍ട്ടും പുറത്തുവിട്ടു.

എന്നാല്‍ എന്തുകൊണ്ടാണ് അവസാന സന്ദേശം തിരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിവരം പുറത്തുവന്നതോടെ മലേഷ്യക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. വിമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ കാര്യത്തില്‍ മലേഷ്യ വീഴ്ചവരുത്തിയെന്ന് ചൈനയടക്കമുള്ള രാജ്യങ്ങള്‍ ആേക്ഷപമുന്നയിച്ചതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മലേഷ്യ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. ആശയവിനിമയത്തിന്റെ പൂര്‍ണരൂപം അടുത്ത ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് മലേഷ്യ വ്യക്തമാക്കി.

മാര്‍ച്ച് എട്ടിന് കൊലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനത്തില്‍ നിന്ന് പുലര്‍ച്ചെ 1.19നാണ് അവസാന സന്ദേശം ലഭിച്ചതെന്ന് മാര്‍ച്ച് 12നാണ് മലേഷ്യ വെളിപ്പെടുത്തിയത്. ഇതിന് തൊട്ടുമുന്‍പ് റഡാറുമായുള്ള ആശയവിനിമയ ബന്ധത്തില്‍ ഒന്ന് പ്രവര്‍ത്തനരഹിതമാക്കപ്പെട്ടിരുന്നു. എന്നിട്ടും സന്ദേശം നല്‍കിയ പൈലറ്റ് ‘ഓള്‍റൈറ്റ്’ എന്ന സന്ദേശമയച്ചത് വിമാനം റാഞ്ചിയെടുത്തെന്ന സംശയത്തിനും ഇടയാക്കി. ഈ സാധ്യത മുന്‍നിര്‍ത്തി അന്വേഷണവും നടന്നിരുന്നു.

എന്നാല്‍, സംശയിക്കത്തക്ക ഒന്നും ഇല്ലെന്ന് സൂചന നല്‍കുന്നതാണ് ചൊവ്വാഴ്ച പുറത്തുവിട്ട അവസാന സന്ദേശം. രാജ്യത്തിന്റെ വ്യോമമേഖല വിടുന്നതിന് മുന്‍പ് നല്‍കുന്ന പതിവ് സന്ദേശം മാത്രമാണിത്. എന്നാല്‍ പൈലറ്റുമാരില്‍ ആരാണ് സന്ദേശം നല്‍കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച പരിശോധന നടക്കുകയാണ്.

ഇതിനിടെ, വിമാനത്തിനായുള്ള തിരച്ചില്‍ പശ്ചിമ ഓസ്‌ട്രേലിയയില്‍ നിന്ന് 1100 കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തുടരുകയാണ്. ഫലം കാണാന്‍ ആഴ്ചകളെടുക്കുമെന്ന് ദൗത്യം ഏകോപിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആംഗസ് ഹൂസ്റ്റണ്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തിരച്ചില്‍ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close