വിമാനദുരന്തം: ഡച്ച് ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന തുടങ്ങി

മലേഷ്യന്‍ വിമാനദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള ഫൊറന്‍സിക് സംഘത്തിന് യുക്രൈന്‍ വിമതര്‍ അനുമതി നല്‍കി. തിങ്കളാഴ്ച അവര്‍ പരിശോധന തുടങ്ങി. അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് റഷ്യയുെട ഇടപെടലാണ് ഡച്ച് സംഘത്തിന്റെ പരിശോധന സാധ്യമാക്കിയത്.

ദുരന്തസ്ഥലത്തേക്ക് അന്താരാഷ്ട നിരീക്ഷക സംഘത്തിന് പ്രവേശനം അനുവദിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതി പരിഗണിക്കാനിരിക്കെയാണ് നടപടി. ഓസ്‌ട്രേലിയയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഫോണില്‍ സംസാരിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സഹായം തേ!ടിയിരുന്നു. 28 ഓസ്‌ട്രേലിയന്‍ പൗരന്മാരും അവിടെ താമസക്കാരായ ഒന്‍പത് പേരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ദുരന്തത്തില്‍പ്പെട്ട 196 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം വിമതര്‍ ദുരന്തസ്ഥലത്ത് നിന്ന് 15 കി.മി. അകലെയുള്ള ടോറസ് റെയില്‍വേ സ്റ്റേഷനിലെ ശീതീകരിച്ച തീവണ്ടിയിലേക്ക് മാറ്റിയിരുന്നു.

വ്യാഴാഴ്ചയാണ് യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ പ്രദേശത്ത് വിമാനം തകര്‍ന്നുവീണത്. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് കരുതുന്നത്. വിമതരാണ് മിസൈല്‍ അയച്ചതെന്ന് യുക്രൈനും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ വിമതരും റഷ്യയും ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, ആരോപണം റഷ്യ തള്ളി. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് വിമതരുടെ കൈവശമാണ്.

വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഉപപ്രധാനമന്ത്രി നിക് ക്ലെഗ്ഗിന്റെ പ്രസ്താവന. 10 ബ്രിട്ടീഷുകാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ഡോണ്‍യെറ്റ്‌സ്‌ക് നഗരത്തില്‍ വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. വിമതരുടെ സ്വാധീന പ്രദേശമാണിത്. റോക്കറ്റ്- ഷെല്ലാക്രമണം രൂക്ഷമായതോടെ സാധാരണക്കാര്‍ നഗരത്തില്‍ നിന്ന് പലായനം തുടങ്ങി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close