വിമാനദുരന്തം: ബ്ലാക് ബോക്‌സുകള്‍ വിദഗ്ധ പരിശോധനയ്ക്ക് ബ്രിട്ടനിലെത്തിച്ചു

കിഴക്കന്‍ യുക്രൈനില്‍ മിസൈലേറ്റ് തകര്‍ന്ന മലേഷ്യന്‍ യാത്രവിമാനം എം എച്ച് 17-ന്റെ ബ്ലാക് ബോക്‌സുകള്‍ വിദഗ്ധ പരിശോധനയ്ക്ക് ബ്രിട്ടനിലെത്തിച്ചു. ചൊവ്വാഴ്ച ഡൊണെറ്റ്‌സ്‌കില്‍ വിമതര്‍ കൈമാറിയ ബ്ലാക് ബോക്‌സുകള്‍ യുക്രൈനില്‍ നിന്നാണ് ലണ്ടനിലെ ഫാണ്‍ബറോവിലെ വ്യോമയാന അപകട അന്വേഷണ ശാഖയുടെ(എ.എ.ഐ.ബി.) ആസ്ഥാനത്തെത്തിച്ചത്.

പൈലറ്റുമാരുടെ കോക്പിറ്റിലെ സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്ന കോക്പിറ്റ് വോയ്‌സ് റെക്കോഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോഡറും എ.എ.ഐ.ബി. വിദഗ്ധര്‍ പരിശോധിക്കും. ഇതിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ 24 മണിക്കൂറിനകം ഡച്ച് അധികൃതര്‍ക്ക് കൈമാറും. വിമാനത്തിലെ അവസാനനിമിഷങ്ങള്‍ വിദഗ്ധ പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ നിരീക്ഷണത്തിലാണ് ബ്ലാക്‌ബോക്‌സുകള്‍ ബ്രിട്ടന് കൈമാറിയതെന്ന് യുക്രൈന്‍ അറിയിച്ചു. മലേഷ്യ, ഹോളണ്ട്, യുക്രൈന്‍, അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന എന്നിവ ചേര്‍ന്നെടുത്ത തീരുമാനപ്രകാരമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, ബ്ലാക്‌ബോക്‌സിലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് ആഴ്ചകളെടുക്കുമെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘത്തെ നയിക്കുന്ന ഡച്ച് സുരക്ഷ ബോര്‍ഡ് (ഒ.വി. വി.) അറിയിച്ചു.

വിമാനദുരന്തം നടന്ന സ്ഥലത്ത് നിന്ന് എത്ര മൃതശരീരങ്ങള്‍ യുക്രൈനിലെ കാര്‍കിവിലെത്തിയെന്ന് വ്യക്തമല്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു. അഞ്ച് ശീതീകരിച്ച തീവണ്ടി വാഗണുകളിലാണ് മൃതശരീരങ്ങള്‍ കാര്‍കിവിലെത്തിച്ചത്. വിമതരെ പിന്തുണയ്ക്കുന്ന റഷ്യക്കാര്‍ക്കും റഷ്യന്‍ കമ്പനികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി ആഴ്‌സെനി യുത്സെനിക് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close