വിമാനദുരന്തം: മൃതദേഹങ്ങളും ബ്ലാക്ക് ബോക്‌സും യുക്രൈന്‍ വിമതര്‍ കൈമാറി

മലേഷ്യന്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും ബ്ലാക്ക്‌ബോക്‌സും യുക്രൈന്‍ വിമതര്‍ കൈമാറി. വിമാനം തകര്‍ന്നതിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തിയ ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ വിദഗ്ധര്‍ക്കാണ് കൈമാറിയത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്‌സ്‌ക് നഗരത്തില്‍നിന്ന് മൃതശരീരങ്ങളടങ്ങിയ 200 ബാഗുകളും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ യുക്രൈന്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാര്‍കിവ് നഗരത്തിലെത്തിയതായി ഡച്ച് പ്രധാനമന്ത്രി മാര്‍ക് റട്ട് അറിയിച്ചു. അവിടെനിന്ന് മൃതദേഹങ്ങള്‍ ഹോളണ്ടിന് കൈമാറും.

മൃതശരീരങ്ങള്‍ ഹോളണ്ടിന് കൈമാറാന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയും വിമതരും തമ്മില്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഡൊണെറ്റ്‌സ്‌ക് വിട്ടത്. ദുരന്തത്തില്‍ മരിച്ച 298 പേരില്‍ ഭൂരിഭാഗവും ഡച്ചുകാരായിരുന്നു.

അതിനിടെ ചൊവ്വാഴ്ച രാവിലെതന്നെ മുതിര്‍ന്ന വിമതനേതാവ് അലക്‌സാണ്ടര്‍ ബൊറൊദായ് ഡൊണെറ്റ്‌സ്‌ക് നഗരത്തില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യയ്ക്ക് കൈമാറി. ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് എന്നറിയപ്പെടുന്ന വിമതരുടെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ബ്ലാക്ക് ബോക്‌സുകള്‍ കൈമാറിയത്. രണ്ട് ബ്ലാക്ക് ബോക്‌സുകളും നല്ല അവസ്ഥയിലാണ് ലഭിച്ചതെന്ന് മലേഷ്യന്‍ ദേശീയ സുരക്ഷാകൗണ്‍സില്‍ പ്രതിനിധി കേണല്‍ മുഹമ്മദ് സാക്രി അറിയിച്ചു.

റഷ്യയ്‌ക്കെതിരെ കൂടുതല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന മുറവിളികള്‍ക്കിടെയാണ് മൃതശരീരങ്ങളും ബ്ലാക്ക് ബോക്‌സുകളും വിമതര്‍ കൈമാറിയതും അന്താരാഷ്ട്ര അന്വേഷകര്‍ക്ക് സംഭവസ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതും.
അതേസമയം, വിമാനദുരന്തത്തിന് ഉത്തരവാദികളായവരെ അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും അതിനുവേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളോടും അംഗരാജ്യങ്ങള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സില്‍ ഐകകണ്‌ഠ്യേന പാസാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close