വിലക്കയറ്റത്തിനെതിരെ പ്രമേയം; വഴിപാടായി

kla

രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കുന്ന റെയില്‍വേ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന പ്രമേയം നിയമസഭ ഒറ്റക്കെട്ടായി പാസാക്കി.

അതേസമയം വിലക്കയറ്റ വിഷയത്തില്‍ സഭയില്‍ ഒരുമണിക്കൂര്‍ നീണ്ട പ്രത്യേക ചര്‍ച്ച പ്രഹസനമായി. ധനാഭ്യര്‍ഥനകള്‍ പാസാക്കിയ ശേഷം ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് പ്രത്യേക ചര്‍ച്ച തുടങ്ങിയത്. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭ വിട്ടു. സഭയിലുണ്ടായത് 35 ല്‍ താഴെ എം.എല്‍.എമാര്‍ മാത്രം. ഭരണ, പ്രതിപക്ഷനിരയിലെ പല പ്രമുഖരും പങ്കെടുത്തില്ല. നോമ്പുതുറക്കാനായി സ്പീക്കറുടെ അനുമതിയോടെ ഒരു വിഭാഗം എം.എല്‍.എമാരും സഭയില്‍ നിന്ന് പോയിരുന്നു.

റെയില്‍വേ ചരക്കുകൂലി വര്‍ധിപ്പിച്ച സാഹചര്യത്തിലുണ്ടായ വിലക്കയറ്റവും യാത്രാക്കൂലി വര്‍ധനവും ചര്‍ച്ചചെയ്യണമെന്ന ഉപക്ഷേപം സി. ദിവാകരനാണ് അവതരിപ്പിച്ചത്. റെയില്‍ ബജറ്റ് നിര്‍ദ്ദേശങ്ങളും പുനഃപരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ അഭിപ്രായ സമന്വയത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് കേന്ദ്രനിലപാട് കനത്ത തിരിച്ചടിയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ഇന്‍സെന്റീവുകള്‍ നല്കുകയും പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കുകയുമാണ് കേന്ദ്ര സര്‍ക്കാരുകളുടെ നയമെന്ന് ടി.എം. തോമസ് ഐസക് പറഞ്ഞു.

റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ അഹങ്കാരമാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റത്തിലൂടെ കാട്ടുന്നതെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. വിലക്കയറ്റത്തിലൂടെ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ ഗതിതന്നെയായിരിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരായ യോജിച്ച സമരം തെരുവിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷത്തിന് മുന്നില്‍ കോണ്‍ഗ്രസുമുണ്ടാകുമെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. റെയില്‍ ബജറ്റിന് മുന്നോടിയായി കേന്ദ്രം നടപ്പാക്കുന്ന 14.2 ശതമാനം യാത്രാക്കൂലി വര്‍ധനയും 6.5 ശതമാനം ചരക്ക് കൂലി വര്‍ധനയും കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും നിര്‍മാണ സാമഗ്രികളുടെയും വിലക്കയറ്റത്തിന് ഇത് ഇടയാക്കും. സീസണ്‍ടിക്കറ്റിലും യാത്രാക്കൂലിയിലും ഉണ്ടായ വര്‍ധന ജനജീവിതം ദുസ്സഹമാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു. പി.എ. മാധവന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എ.കെ. ശശീന്ദ്രന്‍, എ.എ. അസീസ്, സി.കെ. നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close