വിലക്കയറ്റത്തെച്ചൊല്ലി ബഹളം; ലോക്സഭ നിര്‍ത്തിവച്ചു

parliament

വിലക്കയറ്റത്തെക്കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചതിനാല്‍ ലോക്‌സഭ രണ്ടു മണിവരെ നിറുത്തി വച്ചു. രാജ്യസഭയില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനു തന്നെ അവകാശപ്പെട്ടതാണെന്ന് സോണിയാഗാന്ധി  പറഞ്ഞു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു ബഹളത്തോടെ തുടക്കം. ലോക്‌സഭാ നടപടി തുടങ്ങിയപ്പോള്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി കോണ്‍ഗ്രസ് അംഗങ്ങള്‍ എണീറ്റു. എന്നാല്‍ സ്പീക്കര്‍ ചോദ്യത്തരവേളയിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു തുടങ്ങി. ഒരു തവണ നിറുത്തിവച്ച ശേഷം പന്ത്രണ്ടുമണിക്ക് സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ചട്ടം 193 പ്രകാരം വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാവാമെന്ന് സ്പീക്കര്‍ പറഞ്ഞു. രാജ്യസഭയില്‍ വിലക്കയറ്റത്തില്‍ ചര്‍ച്ചയാവാമെന്ന് സഭാ നേതാവ് അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. പെട്രോള്‍ ഡീസല്‍ വില കൂട്ടിയും റെയില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചും മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വലിയ സമ്മാനം നല്കിയിരിക്കുകയാണ് ചര്‍ച്ച തുടങ്ങിവച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കളിയാക്കി. മോദി വ്യവസായികളുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് സീതാറാം യെച്ചൂരിയും മായാവതിയും പത്തു വര്‍ഷം വിലക്കയറ്റം നിയന്ത്രിക്കാത്ത കോണ്‍ഗ്രസിന് ഇക്കാര്യം ഉന്നയിക്കാന്‍ അവകാശമില്ലെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

രാവിലെ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ സഭയുടെ സുഗമമായ നടത്തിപ്പിന് പ്രധാനമന്ത്രി കക്ഷി നേതാക്കളുടെ സഹകരണം തേടി. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടില്ല. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കിയ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയ്ക്ക് ഇത് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close