വിവാ ബ്രസീല്‍ വിവാ നെയ്മര്‍

brasil won

അതാണ് ബ്രസീല്‍, നിര്‍ണായക നിമിഷങ്ങളില്‍ ഒരിക്കല്‍ കൂടി ബ്രസീല്‍ തനി സ്വരൂപം കാണിച്ചു. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കാമറൂണിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ ബ്രസീല്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ചിലിയാണ് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍ ആഫ്രിക്കന്‍ സിംഹങ്ങളുടെ ഗര്‍ജനത്തിന് മുന്നില്‍ ആദ്യമൊന്നും പകച്ചെങ്കിലും പതിയെ തുടങ്ങിയ സാംബാ താളം പിന്നെ ഉച്ഛസ്ഥായിയിലായി, പ്രതിരോധം അല്‍പ്പം ദുര്‍ബലമായിരുന്നെങ്കിലും കാനറികളുടെ ആക്രമണത്തിന്റെ പഴയ പ്രതാപത്തിന്റെ പകിട്ടുണ്ടായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കയറിയ ബ്രസീല്‍ 17ാം മിനുട്ടിലാണ് ആദ്യ ഗോള്‍ നേടിയത്. ലൂയിസ് ഗുസ്താവോ നല്‍കിയ പാസ് പിടിച്ചെടുത്ത നെയ്മര്‍ കാമറൂണ്‍ പ്രതിരോധ നിരക്കാര്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് പായിച്ചു. ഈ ലോകകപ്പിലെ നൂറാമത്തെയും ലോകകപ്പില്‍ ഗോള്‍ കൂടിയായിരുന്നു ഇത്. ലീഡ് നേടിയതോടെ ബ്രസീല്‍ എല്ലാം മറന്ന് കടന്നാക്രമിച്ചു. മെക്സിക്കോയ്ക്കെതിരായ ഗോള്‍ വരള്‍ച്ചയ്ക്ക് കാമറൂണ്‍ വലയില്‍ ഗോള്‍ മഴ തീര്‍ക്കലായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അതിനിടയില്‍ പ്രതിരോധം അല്‍പ്പമൊന്ന് പാളി. 27 ാം മിനുട്ടില്‍ ന്യ‌ോം നല്‍കിയ പാസില്‍ മാറ്റിപ് ഗോള്‍ നേടുമ്പോള്‍ ഒരു പ്രതിരോധ നിരയ്ക്കാരന്‍ പോലും അടുത്തുണ്ടായിരുന്നില്ല. ഒപ്പമെത്തിയതോടെ കാമറൂണിന്റെ മട്ടുമാറി. തുടര്‍ച്ചയായി ബ്രസീലിന്റെ ഹാഫില്‍ പന്തെത്തി.

എന്നാല്‍, 34-ാം മിനിറ്റില്‍ ആശങ്കള്‍ക്ക് അവസാനം കുറിച്ച് നെയ്മര്‍ വീണ്ടും ലക്ഷ്യം കണ്ടു. ലോകകപ്പില്‍ നെയ്മറിന്റെ നാലാം ഗോള്‍. മാഴ്സലോ നല്‍കിയ പന്തുമായി ഒരു സര്‍പ്പത്തെ പോലെ മുന്നേറി ബ്രസീല്‍ താരം ഉതിര്‍ത്ത ഷോട്ടിന് മുന്നില്‍ ഗോളി നിഷ്പ്രഭമായി. ഇട വേളയ്ക്ക് പിരിയുമ്പോള്‍ ബ്രസീല്‍ 2 കാമറൂണ്‍ 1 രണ്ടാം പകുതിയില്‍ പൗലീഞ്ഞോയെ മാറ്റി ഫെര്‍ണാണ്ടീഞ്ഞോയെ രംഗത്തിറക്കിയതോടെ ബ്രസീല്‍ വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വന്നു. നെയ്മറും ഹള്‍ക്കും കാമറൂണ്‍ ബോക്സില്‍ ഇരച്ചെത്തി. 49ാം മിനുട്ടില്‍ വിമര്‍ശകരുടെ നാവടപ്പിച്ചുകൊണ്ട് ഫ്രെഡിന്റെ ഗോളെത്തി. പിന്നെ എല്ലാം ഒരു ചടങ്ങ് മാത്രമായി.84ാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോ കൂടി ലക്ഷ്യം കണ്ടതോടെ ബ്രസീല്‍ നൂറാം മത്സരം അവിസ്മരണീയമാക്കി.

Show More
Close
Close