വിഷുച്ചിന്തകള്‍

vishuchinthakal 660

രാവും പകലും തുല്യമായ ദിവസം എന്നര്‍ത്ഥമുള്ള ‘വിഷുവത്’ എന്ന പദത്തില്‍ നിന്നുണ്ടായ വാക്കാണ്‌ വിഷു. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്നത് വിഷുവിന്റെ തലേന്നാള്‍ ആണ്. ഭാരതീയ ജ്യോതിശാസ്ത്രപ്രകാരം ചാന്ദ്രവര്‍ഷത്തിലെ ആദ്യ സൂര്യ സംക്രമം നടക്കുന്നത് മേടവിഷുവിനാണ്. കലിയുഗത്തിന്‍റെ ആരംഭം, വസന്ത-ചൈത്രകാലം, കൃഷിയുടെ ആരംഭം എന്നിങ്ങനെ ശ്രദ്ധേയമായ ദിനം.ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതും ഈ ദിവസമാണ്.

ഈ ദിനത്തിന് കൃഷിയുമായുള്ള ബന്ധമാണ് കേരളത്തിന്‍റെ തനതു സാംസ്കാരിക പശ്ചാത്തലത്തില്‍ വിഷു ഏറെ ആഘോഷിക്കുവാന്‍ കാരണം. കാര്‍ഷിക വിളകളുടെ നടീല്‍ ആരംഭിക്കുന്നത് ഈ ദിവസമാണ്. താന്‍ സമൃദ്ധമായി വിളയിച്ചെടുത്ത വെള്ളരിക്കയും പടവലങ്ങയും ചക്കയും മാങ്ങയും മത്തങ്ങയുമൊക്കെ ആരാധനാമൂര്‍ത്തിക്ക് സമര്‍പ്പിച്ച് അവയുടെ വിത്തെടുത്ത് പുതിയ നടീലിന് കണിപാകിയിരുന്ന കാര്‍ഷിക സംസ്കൃതിയുടെ ഉദാത്തമായ മാതൃക. സമൃദ്ധിയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകമായ മഞ്ഞനിറം വാരിവിതറി മീനച്ചൂടില്‍ നിറയെ കുലയ്ക്കുന്ന കൊന്നാപ്പൂക്കളെ, മണമില്ലാതിരുന്നിട്ടും മറ്റൊരു ഗുണമില്ലാതിരുന്നിട്ടും തനിക്ക് ഏറെ പ്രിയമുള്ള കാര്‍ഷികവിളകളോടൊപ്പം ഇഷ്ടദേവന് കണിവെച്ച് പൊലിപ്പിക്കുന്ന ഭാവുകത്വം. കൃഷി കടലാസില്‍ ഒതുങ്ങിയപ്പോള്‍, പണം കൊടുത്തുവാങ്ങുന്ന കണിയൊരുക്കലിനു കമ്പോളനിലവാരം കൂടി. മഹത്തായ പാരമ്പര്യത്തിന്റെ പടിപ്പുരക്കല്‍ പ്ലാസ്ടിക്കില്‍ തീര്‍ത്ത കൊന്നപ്പൂക്കളും അന്യായ വിലകൊടുത്ത ആപ്പിളും മുന്തിരിയും, തമിഴകത്തുനിന്നും ഇറക്കുമതിചെയ്ത വെള്ളരിക്കയും, തീരാത്ത ആര്‍ത്തിയുടെ മഞ്ഞളിപ്പില്‍ തിളങ്ങുന്ന സ്വര്‍ണ്ണവും, ഇവക്കെല്ലാം പിന്നില്‍ നിറഞ്ഞ ചിരിയോടെ നിസ്സംഗനായി നില്‍ക്കുന്ന കൃഷ്ണബിംബവും കൃത്രിമ വെളിച്ചവും നിരത്തി നാം കണിയൊരുക്കുകയാണ്.

ഏറെ ചിന്തനീയമാണ് വിഷുക്കണിയൊരുക്കലുമായി ശ്രീകൃഷ്ണനുള്ള ബന്ധം. കൃഷിയെ ഏറ്റവുമധികം ആദരിച്ച അവതാരപുരുഷനായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍. കര്‍ഷകര്‍ക്കൊപ്പമാണ് അദ്ദേഹം വളര്‍ന്നത്‌. മഴലഭിക്കുവാന്‍ ഇന്ദ്രനെ പൂജിച്ച കര്‍ഷകരോട് ഗോവര്‍ദ്ധനമലയെ പരിചരിക്കുവാന്‍ ആഹ്വാനം ചെയ്ത പ്രകൃതിസ്നേഹിയായ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു കൃഷ്ണന്‍. നദിയെ വിഷമയമാക്കിയ കാളിയനെ, സ്വജീവാപായം പോലും കൂസാതെ പൊരുതി പരാജയപ്പെടുത്തിയ ഗോപാലകനായിരുന്നു അദ്ദേഹം. ഇങ്ങനെ തന്റെ അനേകവൃത്തികളിലൂടെ  പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന മറ്റൊരവതാരം ഇല്ല തന്നെ.

വലിയ കെട്ടിടങ്ങളും എന്നമറ്റ ഫ്ലാറ്റുകളും വിമാനത്താവളങ്ങളുമാണ് വികസനത്തിന്റെ മുഖമുദ്ര എന്ന്‍ തെറ്റിദ്ധരിച്ച് , ജഗദീശ്വരന്‍ അനുഗ്രഹിച്ചൊരുക്കിയ പൊല്‍ക്കണിക്കാഴ്ചകളായ മലകള്‍ ഇടിച്ചുനിരത്തിയും, വയലുകളും നീരുറവകളും നികത്തിയും, പുഴകള്‍ വറ്റിച്ചും, കാടുകള്‍ വെളുപ്പിച്ചും, ഇക്കണ്ടതെല്ലാം തന്‍റെതെന്ന അഹങ്കാരത്തോടെ മണ്ണിനെ മറന്ന്‍ പറക്കുവാന്‍ വെമ്പുന്ന ചിലര്‍ക്കെങ്കിലും തിരിച്ചറിവേകുന്നതാകട്ടെ, കരിഞ്ഞുണങ്ങിയ ഉറവകളുടെയും കാലംതെറ്റി പെയ്യുന്ന മഴയുടെയും, മേടമെത്തുന്നതിനെത്രയോ മുന്‍പേ വിടര്‍ന്നു കൊഴിഞ്ഞുപോയ കണിക്കൊന്നയുടെയും പശ്ചാത്തലത്തില്‍ നാം ഒരുക്കുന്ന വിഷു. കലുഷമാകുന്ന മനസ്സുകളില്‍ നന്മയുടെ കാഴ്ച്ചയൊരുക്കുവാന്‍ ഈ കണിക്കാകട്ടെ. കരുതലിനെ കൈനീട്ടം വരുംതലമുറക്കായി നീക്കിവെക്കുവാന്‍ വര്‍ത്തമാനകാലത്തെ കാരണവന്മാര്‍ക്കാകട്ടെ.

പ്രതീക്ഷിക്കുന്നു…
വരും വര്‍ഷങ്ങളിലെ കണിയൊരുക്കലുകളില്‍ നമ്മുടെ തൊടിയില്‍ വിളയുന്ന ഒരു വെള്ളരിക്കയെങ്കിലും ഉണ്ടാകും എന്ന്…
സമ്പല്‍സമൃദ്ധമായ പരിസ്ഥിതിയും, സംസ്കാര സമൃദ്ധമായ മനസ്ഥിതിയും കൊണ്ട് അനുഗ്രഹീതമാകട്ടെ ഈ വിഷുക്കാലം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close