‘വിസ്താര’ ടാറ്റാ-സിംഗപ്പൂര്‍ എയര്‍ സംരംഭത്തിന്റെ പേര് ?

ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനിക്ക് ‘വിസ്താര’ എന്നാവും പേര്. ഇതുള്‍പ്പെടെ നിരവധി ബ്രാന്‍ഡ് നാമങ്ങള്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാവും ബ്രാന്‍ഡ് നാമം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

‘വിശാലമായത്’ എന്ന് അര്‍ത്ഥമുള്ള സംസ്‌കൃത പദമാണ് ‘വിസ്താര’. ഇതിനൊപ്പം എയര്‍ലൈന്‍ എന്നുകൂടി ഉണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ‘വിസ്താര എയര്‍ലൈന്‍’ എന്നാവും വിമാനക്കമ്പനി അറിയപ്പെടുക.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് കീഴില്‍ സില്‍ക്ക് എയര്‍, സ്‌കൂട്ട് എന്നീ പേരുകളിലും വിമാനക്കമ്പനികളുണ്ട്. ടാറ്റാ ഗ്രൂപ്പിനാകട്ടെ, വെസ്റ്റ്‌സൈഡ്, ടൈറ്റന്‍, തനിഷ്‌ക് തുടങ്ങി ഒട്ടേറെ സ്വതന്ത്ര ബ്രാന്‍ഡ് നാമങ്ങളുണ്ട്.

ദീപാവലിക്ക് മുന്നോടിയായി ഒക്ടോബറില്‍ സര്‍വീസ് തുടങ്ങാനാണ് ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ലക്ഷ്യമിട്ടിരിക്കുന്നത്. ഫുള്‍ സര്‍വീസ് വിമാനക്കമ്പനിയായിട്ടാണ് തുടങ്ങുക. സംയുക്ത സംരംഭത്തില്‍ ടാറ്റാ സണ്‍സിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ശേഷിച്ചത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്.

വ്യോമയാന ഡയറക്ടറേറ്റ് ജനറലില്‍ (ഡി.ജി.സി.എ.) നിന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫ്ലൂയിങ് ലൈസന്‍സ് കിട്ടുമെന്നാണ് ടാറ്റാ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രതീക്ഷ. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളം ഹബ്ബാക്കിയാവും വിമാനക്കമ്പനി സര്‍വീസ് നടത്തുക. തുടക്കത്തില്‍ രണ്ടോ മൂന്നോ വിമാനങ്ങളുമായിട്ടാവും സര്‍വീസ്.

അഞ്ച് കേന്ദ്രങ്ങളിലേക്കായിരിക്കും ആദ്യം സര്‍വീസ് നടത്തുക. ഒരു വര്‍ഷത്തിനുള്ളില്‍ 11 കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ഗോവ, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ്, ജമ്മു, ശ്രീനഗര്‍, പട്‌ന എന്നിവിടങ്ങളിലേക്ക് ആദ്യ വര്‍ഷം തന്നെ സര്‍വീസ് നടത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close