വീടടച്ച് ജനം തെരുവില്‍ ; നൂറാംദിനത്തില്‍ ആറന്മുള തിളച്ചു

 

ആറന്മുള: നിര്‍ദിഷ്ട വിമാനത്താവളപദ്ധതിക്ക് എതിരെയുള്ള പോരാട്ടം നൂറുനാള്‍ പിന്നിടുമ്പോള്‍ ഒരിക്കല്‍ക്കൂടി നാടാകെ നിരത്തിലിറങ്ങി. വീടടച്ച് അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിന് നാട്ടുകാര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. ക്ഷേത്രത്തിനു മുന്‍വശം, കച്ചേരിപ്പടി, അയ്യന്‍കോയിക്കല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രകടനങ്ങള്‍ ഐക്കരയില്‍ സംഗമിച്ചു. അവിടന്ന് സമരപ്പന്തലിലേക്ക്.

മുമ്പെങ്ങും കാണാത്ത ആവേശമായിരുന്നു എവിടെയും. അകമ്പടിയായി ചെണ്ടയും വാദ്യവും താളമേകി. പദ്ധതി എന്തുവന്നാലും അനുവദിക്കില്ലെന്ന് സുഗതകുമാരിക്കൊപ്പം 100 സംഘടനാനേതാക്കള്‍ പ്രതിജ്ഞയെടുത്തു. 100 സ്ഥലത്തുനിന്നുള്ളവര്‍ സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ് 100-ാംദിനവിശേഷം.

‘കെ.ജി.എസ്. ആറന്മുള വിടണം’ എന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ മുഴക്കി. പാടത്ത് കൃഷിയിറക്കുംവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചു. ഇടശേരിമല എന്‍.എസ്.എസ്. കരയോഗത്തില്‍നിന്ന് 300 പേര്‍ ഒന്നിച്ചെത്തിയത് ആവേശമായി. മനസ്സുനിറഞ്ഞ സന്തോഷമാണ് തനിക്കുള്ളതെന്ന്, ചടങ്ങില്‍ പ്രസംഗിച്ച സുഗതകുമാരി പറഞ്ഞു. ഇതേപോലെ എല്ലാവരും ഒന്നുചേര്‍ന്ന സമരം കേരളം കണ്ടിട്ടില്ല. നെല്‍വയലില്‍ കൃഷി ഇല്ലെങ്കിലും അത് നീര്‍ത്തടമായി രക്ഷിക്കണം. പക്ഷേ, നികത്തിക്കോളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വയല്‍ നികത്തി കോണ്‍ക്രീറ്റിട്ടു നശിപ്പിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് നാം ചിന്തിക്കണം. കേരളത്തില്‍ 13 ലക്ഷം കെട്ടിടം ആള്‍പ്പാര്‍പ്പില്ലാതെ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളവും മണ്ണും രക്ഷിക്കാനുള്ള പോരാട്ടം ആറന്മുളയില്‍നിന്നുയരുന്നത് അഭിമാനകരമാണ്.

ആറന്മുളയില്‍ ആന്റോ ആന്റണി ജയിച്ചാല്‍ സത്യാഗ്രഹം അവസാനിപ്പിക്കണം എന്ന് എം.എല്‍.എ. പറഞ്ഞതായി അറിഞ്ഞു. തിരഞ്ഞെടുപ്പും സമരവുമായി ബന്ധമില്ല. പക്ഷേ, ഇവിടെ ആന്റോെയ്ക്കതിരെ വന്ന വോട്ടാണ് കൂടുതല്‍ എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാലും ഇവിടെ വോട്ട് ഭിന്നിക്കുന്ന സാഹചര്യം ഉണ്ടാകാന്‍പാടില്ലായിരുെന്നന്ന് അവര്‍ പറഞ്ഞു.

ആറന്മുളസമരത്തിനു പിന്നിലെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം. ഇവിടെ സമരത്തിനുപിന്നില്‍ കോര്‍പ്പറേറ്റുകളും സാമ്പത്തികശക്തികളും ഇല്ല. ഇവിടെ സാധാരണക്കാരായ നാട്ടുകാരുടെ ചില്ലിക്കാശുകള്‍ മാത്രമേയുള്ളൂ. പ്രകൃതി, തിരുവാറന്മുളയപ്പന്‍ എന്നിവര്‍ ഒപ്പമുണ്ട്. വിജയം അടുെത്തന്നും അവര്‍ പറഞ്ഞു.

നെല്‍വയല്‍, നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കാന്‍ അവര്‍ ജനങ്ങളെ ആഹ്വാനംചെയ്തു. ആറന്മുള അടക്കമുള്ള പദ്ധതികള്‍ക്കുവേണ്ടിയാണ് ഇതെന്ന് വാര്‍ത്തവന്ന സാഹചര്യത്തിലാണ് കവയിത്രി, നിയമം രക്ഷിക്കേണ്ട കാര്യം ഓര്‍മ്മിപ്പിച്ചത്. യോഗത്തില്‍ പ്രമുഖ ചിത്രകാരന്‍ പാര്‍ഥസാരഥി വര്‍മ, എ.പദ്മകുമാര്‍, മാലേത്ത് സരളാദേവി, എം.സജി, പി.ആര്‍.ഷാജി, എസ്.രാജീവ്, പ്രദീപ് അയിരൂര്‍, ജി.ബിനു, കെ.അപ്പുക്കുട്ടന്‍ നായര്‍, പി.വി.പ്രസാദ്, കെ.ഐ.ജോസഫ്, ഷാജി ചാക്കോ, അമ്പോറ്റി കോഴഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close