വീണ്ടും പഞ്ചാബ്

ipl28-04

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ പഞ്ചാബിന് ജയം. അഞ്ചു വിക്കറ്റിനായിരുന്നു കിംഗ്സ് ഇലവന്റെ വിജയം. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍ ബംഗലൂരുവിനെ 20 ഓവറില്‍ എട്ടിന് 124 എന്ന സ്കോറില്‍ തളയ്ക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഏഴു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ പഞ്ചാബ് ലക്ഷ്യത്തിലെത്തുകയായിരുന്നു. 32 റണ്‍സെടുത്ത് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വീരേന്ദര്‍ സെവാഗ് ടോപ് സ്കോററായി. ഡേവിഡ് മില്ലര്‍ 26 റണ്‍സെടുത്തപ്പോള്‍ റിഷി ധവാന്‍ 23 റണ്‍സും നായകന്‍ ജോര്‍ജ് ബെയ്‌ലി 16 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ബംഗലരുവിന് വേണ്ടി വരുണ്‍ ആരോണ്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ മൂന്നോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത് ബംഗലുരുവിനെ തകര്‍ത്ത സന്ദീപ് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

പരാജയ പരമ്പര മറികടക്കാന്‍ ഗെയ്‌ലിനെ ഓപ്പണറാക്കിയാണ് ബംഗലൂരു ഇന്നിറങ്ങിയത്. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ആഞ്ഞടിച്ചുതന്നെ ഗെയ്‌ല്‍ തുടങ്ങി. മാക്സ്‌വെല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു സിസ്കറും രണ്ടു ഫോറും പറത്തിയ ഗെയ്‌ല്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ അവിടെത്തീര്‍ന്നു ബംഗലൂരുവിന്റെ വെട്ടിക്കെട്ട്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സന്ദീപ് ശര്‍മ, ഗെയ്‌ലിനെ(ഏഴു പന്തില്‍ 21) ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ബംഗലൂരും കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

ക്യാപ്റ്റന്‍ കൊഹ്‌ലി(2), ടക്‌വാലെ(0), പാര്‍ഥിവ് പട്ടേല്‍(2) എന്നിവര്‍ കൂടി വന്നപോലെ മടങ്ങിയതോടെ നാലിന് 26 എന്ന നിലയിലേക്ക് ബംഗലൂരു കൂപ്പുകുത്തി. യുവരാജും(32 പന്തില്‍ 35) ഡിവില്ലിയേഴ്സും(15 പന്തില്‍ 17) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും അധികം ആയുസുണ്ടായില്ല. ആല്‍ബി മോര്‍ക്കലും‍(15) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി. പഞ്ചാബിനായി സന്ദീപ് ശര്‍മ മൂന്നും റിഷി ധവാന്‍ മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്തത്തി.

മറുപടി ബാറ്റിംഗില്‍ കരുതലോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. സെവാഗും പൂജാരയും ശ്രദ്ധാപൂര്‍വ്വം ബാറ്റുവീശി. എന്നാല്‍ പത്തു റണ്‍സെടുത്ത പൂജാരയും പിന്നാലെ വൃദ്ധിമാന്‍സാഹയും(രണ്ട്), ആദ്യ മല്‍സരങ്ങളിലെ ഹീറോ ഗ്ലെന്‍ മാക്സ്‌വെല്ലും(ആറ്) മടങ്ങി. ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളാണ് മാക്സ്‌വെല്ലിനെയും സാഹയെയും പുറത്താക്കിയത്. നാലാം വിക്കറ്റില്‍ മില്ലറും സെവാഗും ചേര്‍ന്ന് കരുതലോടെ മുന്നോട്ട് നയിച്ചു. ഇടയ്ക്ക് ടോപ്പ് ഗിയറിലായ മില്ലര്‍ ആഞ്ഞടിച്ച് സമ്മര്‍ദ്ദം കുറച്ചു. പിന്നീട് മില്ലറും സെവാഗും അടുത്തടുത്ത് പുറത്തായതോടെ പഞ്ചാബ് അഞ്ചിന് 88 എന്ന നിലയിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന റിഷി ധവാനും ബെയ്‌ലിയും ചേര്‍ന്ന് വലിയ നഷ്ടം കൂടാതെ പഞ്ചാബിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ബംഗലരുവിന് വേണ്ടി വരുണ്‍ ആരോണ്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close