വീണ്ടും മെസി മാജിക്

messi magic

ലയണല്‍ മെസി ഒരിക്കല്‍ കൂടി ഇന്ദ്രജാലം തീര്‍ത്തപ്പോള്‍ നൈജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് അജയ്യരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്നാം മിനുട്ടിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലുമായിരുന്നു മെസിയുടെ ഗോളുകള്‍. 50ാം മിനുട്ടില്‍ മാര്‍ക്വസ് റോജോയാണ് മൂന്നാം ഗോള്‍ നേടിയത്. അഹ്മദ് മൂസയുടെ ബൂട്ടില്‍ നിന്നായിരുന്നു നൈജീരിയുടെ രണ്ട് ഗോളുകളും. ക്രോസ് ബാറിന് കീഴില്‍ നൈജീരിയന്‍ ഗോളി എന്‍യേമുവിന്റെ തകര്‍പ്പന്‍ സേവുകളാണ് അവരെ വന്‍ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ഇറാനെതിരെ ഇഞ്ചുറി ടൈം വരെ കാത്തുവെച്ച ഇന്ദ്രജാലം ഇത്തവണ തുടക്കത്തില്‍ തന്നെ മെസി പുറത്തെടുത്തു. മൂന്നാം മിനുട്ടില്‍ ഡി മരിയയുടെ ഷോട്ടില്‍ റീബൗണ്ട് ചെയ്ത പന്ത് വെടിയുണ്ട കണക്കെ മെസി വലയിലാക്കി. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ച് അഹ്മദ് മൂസയിലൂടെ നൈജീരിയ സമനില നേടി. ശക്തമായ ആക്രമണം അഴിച്ചുവിട്ട അര്‍ജന്റീന നിരവധി തവണ ഗോള്‍ മുഖത്തെത്തി. ഗോള്‍ ഉറപ്പിച്ച മരിയയുടെ മൂന്ന് ലോംഗ് റേഞ്ചറുകളാണ് എന്‍യേമു തടുത്തിട്ടത്.

ആദ്യ പകുതിയുടെ സമനില ഭേദിച്ച് വീണ്ടും മെസിയെത്തി. 30 വാര അകലെ നിന്ന് തൊടുത്ത ഫ്രീ കിക്ക് വളഞ്ഞ് പുളഞ്ഞ് വലയിലേക്ക് നുഴഞ്ഞ് കയറുമ്പോള്‍ നൈജീരിയന്‍ ഗോളി വെറു കാഴ്ചക്കാരനായി. ലോകകപ്പില്‍ മെസിയുടെ നാലാം ഗോള്‍ കൂടിയായിരുന്നു ഇത്. ഗോള്‍ വേട്ടയില്‍ ഇതോടെ മെസി നെയ്മറിന് ഒപ്പമെത്തി. ഇടവേള കഴിഞ്ഞ് തിരിച്ചെത്തും വരെയേ ഈ മേധാവിത്തം നിലനിന്നുള്ളൂ. ഇമ്മാനുവല്‍ എമനിക്കെയുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മൂസ രണ്ടാം ഗോള്‍ കുറിച്ചു. സ്കോര്‍ അര്‍ജന്റീന 2-നൈജീരിയ 2 എന്നാല്‍ മിനുട്ടുകള്‍ക്കകം കോര്‍ണര്‍ കിക്കില്‍ നിന്നും റോജോ വിജയ ഗോള്‍ കുറിച്ചു.

60ാം മിനുട്ടില്‍ മെസി ഹാട്രിക്കിനടുത്ത് എത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. മൂന്നു മിനുട്ടിനകം മെസിയെ തിരിച്ചുവിളിച്ചതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് തീവ്രത കുറഞ്ഞു. എന്നാല്‍ മെസി നല്‍കിയ മുന്‍തൂക്കം അവര്‍ കൈവിട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്റ് ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.

മറ്റൊരു മത്സരത്തില്‍ ബോസ്‌നിയ ഇറാനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബോസ്നിയയുടെ ജയം. 23ാം മിനുട്ടില്‍ എഡിന്‍ സെക്കോ, 59-ാം മിനിറ്റില്‍ മിറാലെം ജാനിക്, 83ാം മിനിറ്റില്‍ സെജവിക് എന്നിവരാണ് ബോസ്‌നിയക്ക് വേണ്ടി ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ ഗൂചെന്നജ്ഹദിന്റേതായിരുന്നു ഇറാന്റെ ആശ്വാസ ഗോള്‍. ഇതോടെ ഇറാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി

Show More
Close
Close