വെള്ളയില്‍ തുറമുഖം: നിര്‍മാണം മുന്നേറുന്നു

കോഴിക്കോട്: നഗരത്തിന്റെ ചിരകാല സ്വപ്നമായിരുന്ന വെള്ളയില്‍ തുറമുഖ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. തുറമുഖത്തിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെയും കോഴിക്കോട്ടെ ജനപ്രതിനിധികളുടെയും നിരന്തര സമ്മര്‍ദത്തിന്റെ ഫലമായാണ് തുറമുഖം യാഥാര്‍ഥ്യമാവുന്നത്.

പുതുവര്‍ഷ ദിനത്തിലാണ് നിര്‍മാണം തുടങ്ങിയത്. ബീച്ച് റോഡില്‍നിന്ന് തുറമുഖത്തിന്റെ പദ്ധതിപ്രദേശത്തേക്ക് റോഡ് ആദ്യം നിര്‍മിച്ചു. ലോറിയില്‍ കല്ലുകളെത്തിക്കാനായിരുന്നു ഇത്. ഇതോടൊപ്പം പുലിമുട്ട് നിര്‍മിക്കാനുള്ള കല്ലിന്റെ ഭാരമളക്കാനുള്ള വെയ്ബ്രിഡ്ജും സ്ഥാപിച്ചു.

കൂറ്റന്‍ കരിങ്കല്ലുകള്‍ നേരേ കടലിലേക്കിറക്കിക്കൊണ്ടാണ് പുലിമുട്ട് നിര്‍മാണം തെക്കുഭാഗത്ത് തുടങ്ങിയത്. തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകളാണ് പ്രധാനമായും നിര്‍മിക്കുക. നിലവിലുള്ള മീന്‍പിടിത്ത കേന്ദ്രത്തിന് ഇരുഭാഗത്തുമാണ് ഇവ സ്ഥാപിക്കുന്നത്. തെക്കുഭാഗത്തെ പുലിമുട്ടിന് 750 മീറ്റര്‍ നീളവും വടക്കു ഭാഗത്തെ പുലിമുട്ടിന് 530 മീറ്റര്‍ നീളവുമുണ്ടാവും. മൊത്തം 39.3 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

പുളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്വാറികളില്‍നിന്നാണ് കരിങ്കല്ലുകളെത്തിക്കുന്നത്. 500 കിലോ വരെ തൂക്കംവരുന്ന കല്ലുകള്‍ ഉപയോഗിക്കുന്നു. മൊത്തം നാലു ലക്ഷം ടണ്ണിലേറെ ഭാരം വരുന്ന കല്ലുകളാണ് പുലിമുട്ട് നിര്‍മാണത്തിനു വേണ്ടിവരിക.

വെള്ളയില്‍ നിലവിലുള്ള മീന്‍പിടിത്തകേന്ദ്രത്തിന് ഒരേക്കറോളം സ്ഥലം സ്വന്തമായുണ്ട്. കടല്‍ പുറമ്പോക്ക് കൂടി ചേര്‍ത്ത് 1.40 ഏക്കര്‍കൂടി ഇതിനായി ഉള്‍പ്പെടുത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close