വേണുവേട്ടാ ഞാനെത്തി

വേണു ആലപ്പുഴ

വിളി വന്നപ്പോള്‍ വിശ്വസിക്കാനായില്ല.
‘വേണുവേട്ടാ ഞാനെത്തി.’
ധൃതിയില്‍ ജനാല തുറന്ന്! പുറത്തേക്ക് നോക്കുമ്പോള്‍ ഓട്ടോ വന്നു നില്ക്കുന്ന ശബ്ദം.
അവള്‍ തോള്‍ ബാഗ് ചുമന്ന്! ചിരിച്ചു കൊണ്ട് കയറി വന്നു .കസേരയില്ലാത്ത മുറിയില്‍ കട്ടിലില്‍ ഇരുന്നു.ആകെയൊരു നിരീക്ഷണം നടത്തി കമന്റ് ചെയ്തു.
‘നന്നായിട്ടുണ്ട് ഒറ്റയ്ക്കുള്ള ജീവിതം…!’
കുടിക്കാന്‍ ചൂടാറിയ ചുക്കുവെള്ളം പകരവെ ഞാന്‍ ചോദിച്ചു.
‘എന്താണ് ബാഗ് നിറയെ..’
‘ പുസ്തകങ്ങള്‍. പിന്നെ ഒന്നുകൂടിയുണ്ട്.എന്റെ അച്ഛന്റെ ഡയറി..’
അവള്‍ ബാഗ് തുറന്ന്! ഡയറി എനിക്കു നീട്ടി. കട്ടിലില്‍ അവള്‍ക്കൊപ്പമിരുന്ന്! ആ കുഞ്ഞു നോട്ടു പുസ്തകം ഞാന്‍ മറിച്ചു നോക്കി.പ്രിയപ്പെട്ട മകളെ സംബോധന ചെയ്തുകൊണ്ട് ഒരച്ഛന്‍ കുറിച്ചിട്ട നെടുങ്കന്‍ ദിനാന്ത്യക്കുറിപ്പുകള്‍ .സ്‌നേഹവും കരുതലും തുളുമ്പുന്ന കൊച്ചു കൊച്ചു വാക്യങ്ങള്‍.
‘വേണുവേട്ടന്‍ സ്‌കൂളിലല്ലേ .എന്റെ അച്ഛനും സ്‌കൂളിലായിരുന്നു. അമ്മയ്ക്ക് ഒരിക്കലും അച്ഛനെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല . ഒരിക്കലും..’
കഥകളോരോന്നും പുറത്തെടുക്കവെ അവള്‍ മെല്ലെ വിതുമ്പി .
‘അച്ഛനുണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെയൊന്നും വരില്ലായിരുന്നു…’
ഫേസ് ബുക്കിന്റെ താളുകളില്‍ തികച്ചും ബോള്‍ഡായി പ്രത്യക്ഷപ്പെടാറുള്ള പെണ്‍കുട്ടി കരയുകയോ ?!!
‘കണ്ണു തുടയ്ക്കൂ…’
ഞാന്‍ തൂവാല നീട്ടി .വാങ്ങാന്‍ മടിച്ചപ്പോള്‍ ഞാന്‍ തന്നെ ആ കണ്ണുകളൊപ്പി .ഒന്നും സംഭവിക്കാത്തതുപോലെ അവള്‍ വേഗം ഉഷാറായി.
‘വേണുവേട്ടന്‍ പഴയ പാട്ടിന്റെ ആളല്ലേ ..ഈ പാട്ട് കേട്ടിട്ടുണ്ടോ? പറയൂ. ഒരുപാടിഷ്ടമായിരുന്നു അച്ഛന് ഈ പാട്ട്.’
അവള്‍ മൊബൈലില്‍ പാട്ട് വച്ചു .യേശുദാസ് തുടങ്ങി.

‘മാനസ സൌവര്‍ണ്ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ..’
ഈശ്വരാ !!
കൌമാരത്തിന്റെ ഇടനാഴികകളിലെങ്ങോ കേട്ടു മറന്ന ഗാനം!!
യൂറ്റിയൂബിന്റെ നിധിശേഖരങ്ങളില്‍ പരതിയിട്ടും ഇതുവരെ കിട്ടാത്ത മനോഹര ഗാനം!!
‘ഈ പാട്ട് എനിക്ക് തന്നിട്ടേ പോകാവൂ കേട്ടോ…’
അടുക്കളയില്‍ നിന്ന് ഞാന്‍ വിളിച്ചു പറഞ്ഞു.
‘ഓക്കെ ഡിയര്‍ ..’
അവള്‍ ചാറ്റ്‌ബോക്‌സിലെന്നപോലെ പ്രതികരിച്ചു .ഉച്ചയ്ക്ക് നിലത്ത് പുല്പായയിലിരുന്ന് ഞങ്ങള്‍ ഊണു കഴിച്ചു. കയ്പ്യ്ക്കയും തക്കാളിയും ചേര്‍ത്ത തീയല്‍ അവളുടെ കൈപ്പുണ്യമായിരുന്നു..
ബസ്സ്റ്റാന്റിന്റെ നാലുമണിത്തിരക്കില്‍ അവള്‍ മടങ്ങിപ്പോകുന്ന വണ്ടിക്ക് കൈവീശി നില്‌ക്കെ കണ്ണുകള്‍ തുളുമ്പിയത് എന്തിനായിരുന്നു?
തിരികെ മുറിയിലെത്തി തനിച്ചിരുന്ന് തേങ്ങിയത് എന്തിനായിരുന്നു?
പ്രിയപ്പെട്ട പെണ്കുട്ടീ ,നീ തരാതെ പോയ ആ പാട്ടിന്റെ പല്ലവി ഇപ്പോഴും എന്റെ മുറിയില്‍ തിരയടിക്കുന്നുണ്ട്.

‘മാനസ സൌവര്‍ണ്ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
നീയെനിക്കവ്യക്ത ചിത്രമാണെങ്കിലും
മായല്ലേ മായല്ലേ കാല്‍ഞൊടിയില്‍ ..’

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close