വ്യാപാരക്കരാര്‍; ഇന്ത്യ എതിര്‍ത്തു, ഐക്യമായില്ല

modi kerry

അമേരിക്ക ഉയര്‍ത്തിയ കടുത്ത സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങിയില്ല. ലോകവ്യാപാരസംഘടനയുടെ ‘ബാലികരാറി’ല്‍ ഒപ്പുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. സബ്‌സിഡികള്‍, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഉറപ്പുകള്‍ ലഭിക്കാതെ കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
അമേരിക്കയുള്‍പ്പെടെ 159 ലോകരാഷ്ട്രങ്ങള്‍ ജനീവയില്‍ അംഗീകരിച്ച ബാലികരാര്‍ ഇതോടെ തത്കാലം അസാധുവായി. ലോകവ്യാപാരസംഘടനയുടെ(ഡബ്ലൂു.ടി.ഒ) ഭാവിയെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്രസമൂഹം ഉയര്‍ത്തുന്നുണ്ട്.

ഇതിനിടെ, വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞു. സാമ്പത്തികവളര്‍ച്ച ആഗ്രഹിക്കുന്ന ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പ്രതിച്ഛായയ്ക്കുതന്നെ ഇത് കോട്ടം വരുത്തുന്നതായി ഒരുന്നത യു.എസ്. ഉദ്യോഗസ്ഥനും അഭിപ്രായപ്പെട്ടു.

വ്യാപാരക്കരാറില്‍നിന്ന് അവസാനനിമിഷം പിന്‍മാറിയ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് ചില രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കടുത്ത നിലപാടില്‍ അവര്‍ നടുക്കം പ്രകടിപ്പിച്ചു. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്ലാത്ത വ്യാപാരക്കരാര്‍ അര്‍ഥശൂന്യമായിരിക്കുമെന്ന് ചില രാഷ്ട്രങ്ങള്‍ ജനീവയില്‍ ചൂണ്ടിക്കാട്ടി.

ലോകരാഷ്ട്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തി വ്യാപാരക്കരാറുണ്ടാക്കാന്‍ 2001 മുതല്‍ നടന്നുവന്ന ചര്‍ച്ചകള്‍ ആദ്യമായി സമവായത്തിലെത്തിയത് 2013 ഡിസംബറില്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ ചേര്‍ന്ന മന്ത്രിതലസമ്മേളനത്തിലാണ്. ‘ബാലി പാക്കേജ് ‘ എന്നറിയപ്പെട്ട ഈ കരാര്‍ പ്രാഥമികതലത്തില്‍ രാജ്യങ്ങളുെട പരസ്പരവ്യാപാരം സംബന്ധിച്ച ധാരണയായിരുന്നു.

ഭക്ഷ്യസുരക്ഷ, സബ്‌സിഡികള്‍ തുടങ്ങിയവയുടെ സംരക്ഷണം എന്ന ഇന്ത്യയുടെ ആവശ്യം മാനിച്ചുകൊണ്ടുള്ളതാണ് ഈ കരാര്‍. ‘സന്തുലിത’വും ഇന്ത്യന്‍താത്പര്യം സംരക്ഷിക്കുന്നതുമാണ് ഈ ധാരണയെന്നാണ് അന്നത്തെ യു.പി.എ. സര്‍ക്കാറില്‍ വാണിജ്യമന്ത്രിയായിരുന്ന ആനന്ദ് ശര്‍മ പറഞ്ഞത്.

എന്നാല്‍ ഇത് നടപ്പാകാന്‍ എല്ലാ രാജ്യങ്ങളും ഈ ജൂലായ് 31-ന് മുമ്പ് പ്രത്യേകരേഖയില്‍ ഒപ്പുവെക്കേണ്ടിയിരുന്നു. ജൂലായ് 31 എന്ന കാലാവധി ബാലിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ തീരുമാനിച്ചതാണ്. ലോകവ്യാപാരസംഘടനയുടെ നിയമപ്രകാരം ഒരു രാജ്യം ഒപ്പുവെക്കാതിരുന്നാലും കരാര്‍ മുടങ്ങും. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇതില്‍ ഒപ്പുവെക്കാന്‍ തയ്യാറാകാത്തത് ഫലത്തില്‍ കരാറിന്റെ വഴിയടയ്ക്കുന്നതായി.

ഇന്ത്യ ഉന്നയിച്ച സബ്‌സിഡി, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ താത്കാലികധാരണ ബാലിയിലുണ്ടായിരുന്നു. 2017-നകം ഇതു സംബന്ധിച്ച് സ്ഥിരമായ വ്യവസ്ഥയുണ്ടാക്കാനും ധാരണയായിരുന്നു. അതിനുശേഷം ഇന്ത്യ ഇക്കാര്യത്തില്‍ മാറ്റമൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ഈ മാസം ആദ്യമാണ് വിയോജിപ്പ് വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുമെന്നാണ്, തന്ത്രപരമായ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയ യു.എസ്. വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. സബ്‌സിഡിയും മറ്റും സംബന്ധിച്ച് സ്ഥിരമായ വ്യവസ്ഥയുണ്ടാകും വരെ ഇന്ത്യയ്ക്ക് അവ ഇപ്പോഴത്തെപ്പോലെ തുടരാം എന്നൊരു വ്യവസ്ഥ വേണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരുന്നു. എന്നാലിത് ഉന്നയിക്കാന്‍ സമയം ലഭിച്ചില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close