ശബരിമലയില്‍ പരിഹാര ക്രിയയ്ക്കും മേല്‍ശാന്തിക്കെതിരെ നടപടിക്കും ശുപാര്‍ശ

sabarimala1

ആചാരങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ ശബരിമലയില്‍ പരിഹാരക്രിയ നടത്താന്‍ ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം ശബരിമല മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയുടെ പതിനൊന്ന് വയസ്സുള്ള മകള്‍ മലചവിട്ടി ദര്‍ശനത്തിന് എത്തിയത് വിവാദമായിരുന്നു. 10നും 50നും മേധ്യ വയസ്സുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ദേവസ്വം സ്‌പെഷല്‍ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ കെ. ബാബു അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മേല്‍ശാന്തിയുടെ അറിവോടെയാണ് ഈ ആചാരലംഘനം നടന്നതെന്ന്‌ സ്പെഷ്യല്‍ കമ്മീഷണര്‍ കണ്ടെത്തി. മേല്‍ശാന്തിക്ക് എതിരെ നടപടി എടുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോഹന്‍ദാസ്, സോപാനം സ്‌പെഷല്‍ ഓഫീസര്‍ പ്രസന്നകുമാര്‍, ജീവനക്കാരായ ഗോപകുമാര്‍, ഷീബ, ലൈല, മേല്‍ശാന്തിയോടൊപ്പമുള്ള എ.എസ്.ഐ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് എതിരെ നടപടിക്കും സ്‌പെഷല്‍ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ശബരിമല തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയ വേണമെന്നാണ് ശുപാര്‍ശ. ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ ആന്ധ്ര സ്വദേശിയായ പതിനൊന്നുകാരി വര്‍ഷ റെഡ്ഡിയും ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ച് ദര്‍ശനം നടത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇക്കാര്യവും സ്‌പെഷല്‍ കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്.
ആചാരലംഘനം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നും ശുപാര്‍ശയിലുണ്ട്. മേല്‍ശാന്തിയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യവിലോപനമാണ് ആചാര ലംഘനത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം വിജിലന്‍സ് എസ്.പി.യുടെ റിപ്പോര്‍ട്ടും ബോര്‍ഡ് യോഗം പരിഗണിക്കുന്നു. നടപടി നിയമോപദേഷ്ടാവിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close