ശരിഅത്ത് കോടതികള്‍ക്ക് നിയമ സാധുതയില്ല-സുപ്രീംകോടതി

supreme court

ശരീഅത്ത് കോടതികള്‍ക്കും അവ പുറപ്പെടുവിക്കുന്ന മതശാസനകള്‍ക്കും(ഫത്വ) നിയമപരമായ സാധുതയില്ലെന്ന് സുപ്രീംകോടതി.

ഒരു വ്യക്തിയുടെ മൗലികാവകാശം ലംഘിക്കുന്ന ഫത്വയോ ആജ്ഞയോ അനുസരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സി.കെ. പ്രസാദ്, പിനാകി ചന്ദ്രഘോഷ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ശരീഅത്ത് കോടതികളുടെ നിയമസാധുത ചോദ്യം ചെയ്ത് ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദന്‍ 2005-ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നിരീക്ഷണം നടത്തുകയായിരുന്നു കോടതി. രാജ്യത്ത് സമാന്തരനീതിന്യായവ്യവസ്ഥ സ്ഥാപിക്കാന്‍ മുസ്ലിം വ്യക്തിനിയമബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
ദാര്‍ഉല്‍ ഖാസകളും ശരീഅത്ത് കോടതികളുമെല്ലാം പിരിച്ചുവിടണം. ദാമ്പത്യതര്‍ക്കങ്ങളില്‍ ന്യായം വിധിക്കാന്‍ ഇവയെ അനുവദിക്കാന്‍ പാടില്ല-ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.

അഞ്ചുകുട്ടികളുടെ അമ്മയായിരിക്കെ ഭര്‍തൃപിതാവിന്റെ ബലാത്സംഗത്തിന് ഇരയാകേണ്ടിവന്ന ഇംരാന എന്ന യുവതിയുടെ കാര്യത്തില്‍ മതപണ്ഡിതര്‍ എടുത്ത തീരുമാനം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഭര്‍ത്താവുമായുള്ള യുവതിയുടെ ബന്ധം വേര്‍പെടുത്തുകയും അവരോട് ഭര്‍തൃപിതാവിനൊപ്പം ജീവിക്കാന്‍ ഉത്തരവിടുകയുമാണ് മതകോടതി ചെയ്തത്.

ദാര്‍ഉല്‍ ഖാസ പോലെയുള്ള സ്ഥാപനങ്ങള്‍, ആധികാരികമായ ഒരു നിയമത്താലും സൃഷ്ടിക്കപ്പെട്ടതോ അനുവദിക്കപ്പെട്ടതോ അല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രഇന്ത്യയില്‍ മതശാസനകള്‍ക്ക് ഒരു സ്ഥാനവുമില്ല. ആര്‍ക്കെങ്കിലുമെതിരെ മതശാസന പുറപ്പെടുവിച്ചാല്‍ അവര്‍ അതിനെ വെല്ലുവിളിക്കേണ്ട കാര്യമില്ല, അത് അവഗണിക്കുകമാത്രമേ വേണ്ടൂ. ഇത്തരം ശാസനകള്‍ ആരെങ്കിലും നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് നിയമവിരുദ്ധമായിരിക്കും.

നിയമസാധുതയില്ലാത്തതുകൊണ്ടുതന്നെ, ഇവിടെ ദാര്‍ഉല്‍ ഖാസകളും മറ്റും സമാന്തരമായ നീതിന്യായവ്യവസ്ഥയുണ്ടാക്കുന്നു എന്നു പറയാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു മതപണ്ഡിതന്‍ നല്‍കുന്ന അഭിപ്രായം മാത്രമാണ് ഫത്വ. അത് ആജ്ഞയല്ല, കോടതിക്കോ സര്‍ക്കാറിനോ വ്യക്തിക്കോ അതു ബാധകവുമല്ല-കോടതി പറഞ്ഞു.

എന്നാല്‍ ഫത്വ പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. കക്ഷികള്‍തമ്മില്‍ അനുരഞ്ജനമുണ്ടാക്കാനുള്ള ശ്രമമാണ് പലപ്പോഴും അത്. വ്യക്തികള്‍ക്ക് ഈ രാജ്യത്ത് നിയമപ്രകാരം ഉറപ്പുനല്‍കിയ അവകാശത്തിന്‍മേല്‍ കടന്നുകയറാന്‍ ഫത്വകള്‍ക്കു കഴിയുകയില്ല.

കഴിഞ്ഞ ഫിബ്രവരി 25ന് സുപ്രീംകോടതി ഈ വിഷയത്തില്‍ വിധിയോ നിരീക്ഷണമോ നടത്തുന്നത് മാറ്റിവെക്കുകയായിരുന്നു. ‘ഈ രാജ്യത്ത് ഗംഗാജലത്തിന് എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയും എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇത് വിശ്വാസത്തിന്റെ കാര്യമാണ്, ‘ എന്നാണ് സുപ്രീംകോടതി അന്നു പറഞ്ഞത്.

വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുകയില്ലെങ്കില്‍ മുസ്ലിം വ്യക്തിനിയമത്തില്‍ ഇടപെടുകയില്ലെന്ന് അന്നത്തെ യു.പി.എ.സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close