ശരിക്ക് വേണ്ടി രാഷ്ട്രീയത്തിലും ജീവിതത്തിലും നിലപാട് മാറ്റുകതന്നെ വേണം – മാര്‍ ക്രിസോസ്റ്റം

chrysostam

രാഷ്ട്രീയത്തിലും ജീവിതത്തിലും മുന്‍കാല നിലപാട് തെറ്റെന്നുതോന്നിയാല്‍ മാറ്റുക തന്നെ വേണമെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. കോഴഞ്ചേരിയില്‍ അദ്ദേഹത്തിന്റെ അരമനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ ചേരിമാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ വൈസ്രോയി വലിയ ആളെന്നാണ് നാം കരുതിയിരുന്നത്. പക്ഷേ, ഗാന്ധിജി വന്നപ്പോള്‍ നമ്മളെല്ലാം നിലപാട് മാറ്റിയില്ലേ. ഗാന്ധിജി വന്നശേഷവും വൈസ്രോയിയാണ് ശരിയെന്ന നിലപാട് തുടരാന്‍ കഴിയുമോ. മുന്‍കാല വാക്കും നിലപാടും തെറ്റെന്നുതോന്നിയാല്‍ മാറ്റുക തേെന്നവണം. അപ്പന്‍ പറഞ്ഞാല്‍ പോലും സ്വന്തം തീരുമാനം മാറ്റി വോട്ടുചെയ്യരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വത്ത് കിട്ടില്ലെന്നു കരുതി നമ്മള്‍ പേടിച്ചേക്കാം . പക്ഷേ, സ്വത്തില്ലെങ്കിലും സ്വന്തം തീരുമാനം വോട്ടില്‍ മാറ്റരുത്. രാജ്യത്തിന്റെ ഭാവിനിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ നിശ്ചയമായും കഴിയുന്നവരെല്ലാം വോട്ടുചെയ്യണം. പാര്‍ട്ടി മാറാന്‍ അവകാശം ഉണ്ടോ എന്ന ചോദ്യത്തിന് ഇതിനെല്ലാം എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഹിന്ദുവിനെ ക്രിസ്ത്യാനി ആക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്ത്യാനിയെ ഹിന്ദു ആക്കാന്‍ ശ്രമിച്ചാല്‍ കുറ്റപ്പെടുത്തരുത്. പക്ഷേ, എല്ലാ മാറ്റവും സമൂഹത്തെ ബഹുമാനിച്ചാകണം. മാര്‍ത്തോമ്മസഭാ വിശ്വാസികളായ മാത്യു ടി. തോമസും പീലിപ്പോസ് തോമസും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടല്ലോ എന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഇരുവരും ജയിച്ചാല്‍ സന്തോഷം, തോറ്റാല്‍ ദുംഖം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രചാരണത്തിനിടെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മോശവും നല്ലതും എതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. വാക്കുപയോഗിച്ച ആളിന്റെ മനോഭാവവും നോക്കണം. മകനെ ദേഷ്യപ്പെട്ട് എന്തെങ്കിലും അപ്പന്‍ വിളിച്ചാല്‍ അത് മനസ്സ്‌നൊന്തിട്ടാകും എന്ന് മനസ്സിലാക്കണം. പക്ഷേ, അന്യനെ ബഹുമാനിക്കുന്നവനാണ് മാന്യന്‍. മോശം വാക്കുപയോഗിച്ച് സ്വയം മോശമാകാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം. ദേശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ടുചെയ്യണം. സ്വന്തക്കാര്‍ക്ക് ഒത്താശചെയ്യുന്നവരെ ഒഴിവാക്കണം. വോട്ടിന് പണം നല്‍കുന്ന രീതി ഇല്ലാതാക്കണം. വോട്ടിന് പണം കൈപ്പറ്റുന്നത് രാജ്യത്തെ വില്‍ക്കുന്നതിനുതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close