ശശിയെ മാറ്റി, ദിവാകരനെയും രാമചന്ദ്രന്‍ നായരെയും തരംതാഴ്ത്തി

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വിവാദമായ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സി.പി.ഐ.യില്‍ അച്ചടക്ക നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് അന്വേഷണം നടത്തി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് നടപടി ഉണ്ടായത്. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് സി. ദിവാകരനെ സംസ്ഥാന എക്‌സിക്യുട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലസിലിലേയ്ക്കും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.രാമചന്ദ്രന്‍ നായരെ ജില്ലാ കൗണ്‍സിലിലേയ്ക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെയും ജില്ലാ കൗണ്‍സിലിലേയ്ക്ക് തരംതാഴ്ത്തിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് എം.എന്‍.സ്മാരകത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക നപടിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചത്. രാമചന്ദ്രന്‍ നായരെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തുടങ്ങിയ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ ആദ്യദിവസം ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയ സി. ദിവാകരന്‍, പി. രാമചന്ദ്രന്‍നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്ക് പുറമെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമെതിരെയും കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. വെഞ്ഞാറമൂട് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നു വരെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലെങ്കില്‍ ഡോ. ബെനറ്റ് എബ്രഹാം സ്ഥാനാര്‍ഥിയാകുമായിരുന്നില്ലെന്നും ചിലര്‍ ആരോപിച്ചു. സംസ്ഥാന കൗണ്‍സിലിലെ വിമര്‍ശനം പലപ്പോഴും അതിരൂക്ഷമായപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നേതൃത്വം ഇടപെട്ടുവെങ്കിലും ഫലിച്ചില്ല. പലഘട്ടത്തിലും നേതൃത്വം ശബ്ദമുയര്‍ത്തിയാണ് കാര്യങ്ങള്‍ ഒരുവിധമെങ്കിലും നിയന്ത്രിച്ചത്. വെള്ളിയാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 29 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ബെന്നറ്റ് എബ്രഹാം കോണ്‍ഗ്രസിന്റെ ശശി തരൂരിന്റെയും ബി.ജെ.പി.യുടെ ഒ.രാജഗോപാലിനും പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇതാദ്യമായാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close