ശാരദാ ചിട്ടി കേസ് സുപ്രീം കോടതി സി.ബി.ഐ.ക്ക് വിട്ടു

പശ്ചിമബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
സംസ്ഥാനസര്‍ക്കാര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകള്‍ തള്ളിയാണ് ഈ സുപ്രധാന വിധി. ഒട്ടേറെ ഭരണകക്ഷിനേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ശാരദാ തട്ടിപ്പ് കേസ്.
തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയുള്ള വിധി മമതസര്‍ക്കാറിനും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയായി.
പശ്ചിമബംഗാള്‍, അസം, ഒഡിഷ, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളില്‍നിന്നാണ് ശാരദാ ഗ്രൂപ്പ് ധനസമാഹരണം നടത്തിയത്. 2000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നതും കേസില്‍ ആരോപണവിധേയരായവരുടെ ഉന്നത രാഷ്ട്രീയബന്ധങ്ങളുമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ കോടതിയെ പ്രേരിപ്പിച്ച ഘടകം.
തട്ടിപ്പിന് അന്തസ്സംസ്ഥാന- അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും സി.ബി.ഐ.യാണ് ഉചിതമായ അന്വേഷണ ഏജന്‍സിയെന്നും വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സെബി, റിസര്‍വ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നതും സി.ബി.ഐ. അന്വേഷണത്തെ ന്യായീകരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഒഡിഷ, അസം, ത്രിപുര എന്നിവിടങ്ങളില്‍ മണിച്ചെയിന്‍ മാതൃകയില്‍ നടന്ന തട്ടിപ്പുകളും സി.ബി.ഐ. അന്വേഷണത്തിന് വിട്ടിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ശാരദാ ഗ്രൂപ്പിന് കീഴിലെ മാധ്യമസ്ഥാപനങ്ങള്‍ ഒറ്റയടിക്ക് പൂട്ടിയതോടെയാണ് ബംഗാളിനെ പിടിച്ചുകുലുക്കിയ ചിട്ടിഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി 17 ലക്ഷത്തോളമായിരുന്നു നിക്ഷേപകര്‍. ചിട്ടി പൊട്ടിയ വാര്‍ത്ത പരന്നതോടെ അടച്ച പണം തിരികെ വാങ്ങാന്‍ ജനം ശാരദാ ഓഫീസുകളിലേക്ക് കുതിച്ചു. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് പത്തോളം പേര്‍ ആത്മഹത്യചെയ്തു.
ശാരദാഗ്രൂപ്പ് എം.ഡി. സുദീപ്‌തോ സെന്നിനെ 2013 ഏപ്രില്‍ 23ന് കശ്മീരില്‍ വെച്ച് പിടികൂടി. തൃണമൂല്‍നേതാവും എം.പിയും ശാരദാ ഗ്രൂപ്പിന്റെ മാധ്യമവിഭാഗം സി.ഇ.ഒ.യുമായ കുനാല്‍ഘോഷ് കൂടി അറസ്റ്റിലായതോടെ പാര്‍ട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി.
ഘോഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി മമത മുഖംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റ് നേതാക്കള്‍ക്കെതിരായ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ തിരിഞ്ഞുകൊത്തി. മുന്‍ ഇടതുസര്‍ക്കാറിന് പങ്കുണ്ടെന്ന് മമതാ ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളും പ്രസംഗിക്കുന്നുണ്ടെങ്കിലും തുടരന്വേഷണം പ്രതിക്കൂട്ടിലാക്കുന്നത് അവരെത്തന്നെയാണ്. പാര്‍ട്ടി ജനറല്‍സെക്രട്ടറി മുകുള്‍ റോയ്, മന്ത്രി മദന്‍മിത്ര എന്നിവര്‍ ഇപ്പോള്‍ത്തന്നെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍പ്രകാരം മമതാ ബാനര്‍ജിയുടെ പെയിന്റിങ്ങുകള്‍ വിറ്റയിനത്തില്‍ 3.93 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നരക്കോടിയിലധികം രൂപ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ശാരദാ ഗ്രൂപ്പ് എം.ഡി. സുദീപ്‌തോ സെന്‍ നല്‍കിയതാണെന്ന് ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
ബാലൂര്‍ഘട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി അര്‍പ്പിതഘോഷ് കേസില്‍ ഈയിടെ ചോദ്യംചെയ്യപ്പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനുവേണ്ടി പണമൊഴുക്കിയത് ശാരദാ ഗ്രൂപ്പാണെന്ന ആരോപണവും പാര്‍ട്ടി നേരിടുന്നുണ്ട്.
ഏതായാലും, സുപ്രീംകോടതിവിധിയോടെ അന്തിമഘട്ടപ്രചാരണം നടക്കുന്ന ബംഗാളിലെ 18 മണ്ഡലങ്ങളില്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്ക് മങ്ങലേറ്റു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close