ശ്യാം സരന്‍ നെഗി വീണ്ടുമെത്തി

negi

വാര്‍ധക്യത്തിലും സമ്മതിദാനവകാശം നഷ്ടപ്പെടുത്തില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ശ്യാം സരണ്‍ നെഗി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ അദ്ദേഹം ഇത്തവണയും രാവിലെത്തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.
ഹിമാചല്‍ പ്രദേശിലെ കല്‍പയില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തില്‍ നെഗിയെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ഡി. ശര്‍മ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

വി.െഎ.പി. വോട്ടര്‍ സമ്മതിദാനവകാശം വിനിയോഗിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമസംഘവും ബൂത്തിലെത്തിയിരുന്നു. അഴിമതിയും വിലക്കയറ്റവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് നെഗി പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ അംബാസഡര്‍ കൂടിയാണ് ഈ റിട്ട. പ്രധാനാധ്യാപകന്‍. 1951 ഒക്ടോബര്‍ 25- ന് നടന്ന തിരഞ്ഞെടുപ്പിലാണ് നെഗി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സമ്മതിദാനവകാശം വിനിയോഗിച്ചത്. ആദ്യ തിരഞ്ഞെടുപ്പ് 1952-ലായിരുന്നുവെങ്കിലും കിന്നാറില്‍ മഞ്ഞുവീഴ്ച കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ആറുമാസം മുമ്പ് നടത്തി. അങ്ങനെയാണ് നെഗിക്ക് രാജ്യത്തെ ആദ്യ വോട്ടര്‍ എന്ന ഖ്യാതി ലഭിച്ചത്. തുടര്‍ന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ വോട്ട് ചെയ്തു.

നെഗിയുടെ ഈ നേട്ടം ജനങ്ങളിലെത്തിക്കാന്‍ ഗൂഗിള്‍ ഇത്തവണ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വോട്ട് പ്രതിജ്ഞ എന്ന വീഡിയോ പുറത്തിറക്കിയിരുന്നു. 2010-ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചൗള അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close