ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം:സര്‍ക്കാര്‍ നിയമോപദേശം തേടുന്നു

sree padmanabhaswamy temple

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുന്നു.
2011 ജനവരിയില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധിയുണ്ടായിട്ടും സര്‍ക്കാര്‍ അത് ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമനിര്‍മാണം ഉള്‍പ്പെടെ ഉചിതമായ നടപടികള്‍ ക്ഷേത്രഭരണത്തിന് വേണമെന്നായിരുന്നു അന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വിധിയില്‍ നിര്‍ദേശിച്ചത്.
ക്ഷേത്രഭരണത്തിന് അഞ്ചംഗ ഭരണസമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. ആഗസ്തില്‍ അന്തിമവാദം കോടതി കേള്‍ക്കും. അതിനുശേഷം അന്തിമ വിധിയുണ്ടാകും. അതിനുമുമ്പുതന്നെ സംസ്ഥാനസര്‍ക്കാര്‍ ക്ഷേത്രഭരണംസംബന്ധിച്ച് തങ്ങളുടെ വ്യക്തമായ നിലപാട് സുപ്രീംകോടതിയെ അറിയിക്കേണ്ടിവരും. 2011ലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അഭികാമ്യമെന്നാണ് സര്‍ക്കാറിന് ഇപ്പോഴുള്ള അഭിപ്രായം. അഡ്വക്കേറ്റ് ജനറലും നിയമവകുപ്പുമായി കൂടിയാലോചനകള്‍ നടത്തിയശേഷം സുപ്രീംകോടതിയില്‍ ഇതിനുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കുന്നതാണ്.

2008ല്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ കേസ് നടന്നപ്പോള്‍ നിയമവകുപ്പിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നതാണ്. മുഖ്യമന്ത്രി അന്ന് വി.എസ്. അച്യുതാനന്ദനായിരുന്നു. അന്ന് നിയമവകുപ്പ് സെക്രട്ടറിയായിരുന്ന പി.എസ്. ഗോപിനാഥനാണ് സര്‍ക്കാറിന് നിയമോപദേശംനല്‍കിയത്. അതനുസരിച്ച് ക്ഷേത്രത്തിന്റെ ചരിത്രവും ഭരണസംവിധാനവും നിയമ സെക്രട്ടറി ഗോപിനാഥന്‍ പരിശോധിച്ചു. ക്ഷേത്രഭരണം കൈയടക്കിവെയ്ക്കാന്‍ രാജകുടുംബത്തിന് യാതൊരു അധികാരവുമില്ലെന്നായിരുന്നു നിയമോപദേശം. അതിനാല്‍, ക്ഷേത്രഭരണത്തിന് ദേവസ്വം ബോര്‍ഡ്‌പോലുള്ള സ്വയംഭരണസംവിധാനം വേണമെന്നും അതിനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിയമോപദേശം പ്രായോഗികമായി മുഖ്യമന്ത്രി അച്യുതാനന്ദന് തോന്നി. അതിനായി അദ്ദേഹം ദേവസ്വം, നിയമവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. പക്ഷെ, യോഗം നടന്നില്ല. ദേവസ്വംമന്ത്രി ജി. സുധാകരനും നിയമമന്ത്രി എം. വിജയകുമാറുമായിരുന്നു. ഇതിനിടയില്‍ സെക്രട്ടറിേയറ്റിലെ ഉന്നതരായ ചില ഉദ്യോഗസ്ഥര്‍ചേര്‍ന്ന് നിയമോപദേശം മുക്കുകയും െചയ്തു.

തിരുവനന്തപുരം സബ്‌കോടതി ഉത്തരവിനുശേഷം കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ പി.എസ്. ഗോപിനാഥന്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍, നിയമവകുപ്പ് സെക്രട്ടറിയായിരുന്നതിനാല്‍ സര്‍ക്കാറിന് ഈ കേസില്‍ നിയമോപദേശം നല്‍കിയസ്ഥിതിക്ക് ഡിവിഷന്‍ ബഞ്ചില്‍നിന്ന് പി.എസ്. ഗോപിനാഥന്‍ ഒഴിഞ്ഞു. പിന്നീട് ജസ്റ്റിസ് സുരേന്ദ്രമോഹനാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരോടൊപ്പം ഡിവിഷന്‍ ബഞ്ചില്‍ ഉണ്ടായിരുന്നത്.

നിയമവകുപ്പ് നല്‍കിയിരുന്ന നിയമോപദേശം ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ പരിശോധിച്ചുകൊണ്ടാണ് അമിക്കസ് ക്യൂറിയായ സീനിയര്‍ അഡ്വക്കേറ്റ് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.
കുത്തഴിഞ്ഞ് കിടന്നിരുന്ന ക്ഷേത്രഭരണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടായിരിക്കും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഉടനെ സത്യവാങ്മൂലം നല്‍കുക. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷയായ അഞ്ചംഗ സമിതിയെയാണ് സുപ്രീംകോടതി തത്ക്കാലം നിയോഗിച്ചിരിക്കുന്നത്. അതോടൊപ്പം മുന്‍ സിഎജി വിനോദ് റായി തന്റെ റിപ്പോര്‍ട്ടും സുപ്രീം കോടതിയില്‍ നല്‍കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close