ശ്രീലങ്കയും പാകിസ്താനും ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു

pak srilanka

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന 150 ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ വിട്ടയക്കുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനം കണക്കിലെടുത്താണ് പാകിസ്ഥാന്റെ നടപടി. നാളെ തടവുകാരെ വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. ഇരു രാജ്യങ്ങള്‍ക്കിടയിലും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായണ് പുതിയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയില്‍ പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയും ഇന്ത്യന്‍ തടവുകാരെ വിട്ടയക്കും. ജയിലിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക വിട്ടയക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയാണ് ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്.

അതേ സമയം പാക് പ്രധാനമന്ത്രിയെ കാണുവാന്‍ കാശ്മീരിലെ വിഘടിത വാദി നേതാക്കളായ ഹൂറിയത്ത് നേതാക്കള്‍ അനുവാദം ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. നാളെ വൈകീട്ട് 6 മണിക്ക് രാഷ്ട്രപതി ഭവനിലാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ നടക്കുക. രാഷ്ട്രപതി ഭവന്റെ മുറ്റത്ത് സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രത്യേക സജ്ജീകരണങ്ങള്‍ തന്നെയാണ് ഒരുക്കുന്നത്. രാഷ്ട്രപതി ഭവന്റെ മുറ്റത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്നാമത്തെ പ്രധാനമന്ത്രി കൂടായാകും നരേന്ദ്ര മോദി.

ചന്ദ്രശേഖര്‍, വാജ് പേയി എന്നിവരാണ് ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന്റെ പുറത്ത് വെച്ച് നടത്തിയിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ രാവിലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാളെ ഇന്ത്യയിലെത്തും. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സയും നാളെയായിരിക്കും എത്തുക. ബംഗ്‌ളാദേശ്, ഭൂട്ടാന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ന് എത്തും. അഫ്ഖാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായും ചടങ്ങിന് എത്തുന്നുണ്ട്. സത്യപ്രതിജ്ഞക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും മോദി കാബിനറ്റില മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

ഇന്ന് വൈകീട്ടോടെ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിമാരാകുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കള്‍ക്ക് പോലും ഇതേകുറിച്ച് വ്യക്തമായ വിവരമില്ല. എല്ലാ നേതാക്കളോടും ദില്ലിയില്‍ തങ്ങാന്‍ നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബി.ജെ.പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയാകുമെന്നാണ് സൂചന. അരുണ്‍ ജയ്റ്റ്‌ലി, നിതിന്‍ ഗഡ്ക്കരി, സുഷമസ്വരാജ്, രവിശങ്കര്‍ പ്രസാദ്, അരുണ്‍ ഷൂരി തുടങ്ങി നിരവധി പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ പ്രധാന വകുപ്പുകള്‍ക്കൊപ്പം പ്രതിരോധ മന്ത്രാലയും നരേന്ദ്ര മന്ത്രി സ്വന്തം നിയന്ത്രണത്തിലാക്കുമന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close