ഷാനിമോളുടെ കത്തിനു പിന്നില്‍ തനിക്കെതിരായ ഗൂഢാലനയെന്ന്‍ വി.എം സുധീരന്‍

v m sudheeran

കെപിസിസി നിര്‍വാഹക സമിതി യോഗത്തിലെ സംഭവങ്ങള്‍ സംബന്ധിച്ചു ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു സത്യവുമായി ബന്ധമില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഷാനിമോളുടെ നീക്കം ദുരുദ്ദേശപരമാണെന്നും, ഇക്കാര്യങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനായി എം.എം. ഹസന്‍ അധ്യക്ഷനായ ഉപസമിതിയെ നിയോഗിച്ചതായും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതിശയോക്തിപരമായ കാര്യങ്ങളാണു ഷാനിമോള്‍ ഉസ്മാന്‍ തനിക്ക് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നതെന്നു സുധീരന്‍ ചൂണ്ടിക്കാട്ടി. കെപിസിസി നിര്‍വാഹക സമിതി യോഗം ചേര്‍ന്നത് തെരഞ്ഞെടുപ്പ് അവലോകനത്തിനായും മദ്യ നയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായുമാണ്. യോഗത്തില്‍ ഷാനിമോള്‍ ഏറെ നേരം സംസാരിച്ചു. ഒരു ഘട്ടത്തില്‍ കെ.സി. വേണുഗോപാലിനെയും സരിത എസ്. നായരെയും ചേര്‍ത്ത് രാഷ്ട്രീയ പ്രതിയോഗികള്‍പോലും പറയാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. യോഗത്തില്‍ ഇതിനെതിരെ പൊതുവായ എതിര്‍പ്പുണ്ടായി. വ്യക്തിപരമായ ആരോപണങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കരുതെന്നും, വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള വേദിയാക്കി പാര്‍ട്ടി യോഗത്തെ മാറ്റരുതെന്നും താന്‍ പറഞ്ഞു. അവഹേളിച്ചുവെന്ന സംഭവമുണ്ടായിട്ടില്ല. താന്‍ കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു ഷാനിമോള്‍ക്കുവേണ്ടി പറഞ്ഞതു താന്‍ മാത്രമാണ്. തെരഞ്ഞെടുപ്പിനുശേഷം ഷാനിമോള്‍ തനിക്കെതിരെ മാത്രമാണു പ്രസ്താവനകള്‍ നടത്തുന്നത്. ഇതു യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതെങ്ങനെ അവഹേളനമാകും. ഷാനിമോള്‍ക്കു സീറ്റ് കിട്ടാത്തതിന്റെ വിഷമമാണ്.

കത്തില്‍ പറയുംപോലെ ഉമ്മന്‍ചാണ്ടിയെയന്നല്ല, ഒരു വ്യക്തിയേയും താന്‍ മോശക്കാരനായി ചിത്രീകരിച്ചിട്ടില്ല. കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്കെതിരെ താന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അത് അവരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ടുമാത്രമായിരുന്നു. ഇത്തരത്തില്‍ വളരെ തെറ്റായ കാര്യങ്ങളാണു കത്തില്‍ ഉടനീളം പറയുന്നത്.

തന്നെ വ്യക്തിപരമായി മോശക്കാരനാക്കാന്‍ ശ്രമിക്കുന്നവരുടെ കൈയിലെ കരുവായി ഷാനിമോള്‍ മാറിയോയെന്നു സംശയിക്കുന്നു. ദുരൂഹമായ കാര്യങ്ങളാണിത്. ഇവയെക്കുറിച്ച് പരിശോധിക്കുന്നതിന് എം.എം. ഹസന്‍ അധ്യക്ഷനായ കെപിസിസി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ലാലി വിന്‍സന്റും സുരേഷ് ബാബുവും സമിതിയിലെ അംഗങ്ങളായിരിക്കുമെന്നും സുധീരന്‍ അറിയിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close