ഷെരീഫ് രാജിവെക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇമ്രാന്‍ഖാന്‍

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചതായി പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്‍. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെയും മിതവാദി പുരോഹിതന്‍ താഹിര്‍ ഉല്‍ ക്വദ്രിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ലമെന്റിന് പുറത്ത് പ്രക്ഷോഭം തുടരുകയാണ്.

ഷെരീഫ് രാജിവെച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാന്‍ഖാന്റെയും അനുയായികളുടെയും ആവശ്യം. വ്യാഴാഴ്ചയും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു. ഷെരീഫ് രാജി വെച്ച ശേഷമേ ചര്‍ച്ചയെ കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെരീഫ് രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരും. അതുവരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
നേരത്തെ ഇമ്രാന്‍ഖാന്റെ പാകിസ്താന്‍ തെഹ്രികി-ഇ-ഇന്‍സാഫിന്റെയും ക്വദ്രിയുടെ പാകിസ്താന്‍ അവാമി തെഹ്രികിയുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നത്.

എന്നാല്‍ വ്യാഴാഴ്ച ഖാന്‍ പാര്‍ലമെന്റിന് പുറത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ വളരെ കുറച്ച് പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്വദ്രിയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ അവാമി തെഹ്രിക്ക് പ്രശ്‌നത്തില്‍ അര്‍ഥവത്തായ ചര്‍ച്ച നടത്തണമെന്ന നിലപാടിലുമാണ്. ഇതിനിടെ സൈന്യം പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പ്രധാന വ്യാപാരികളും അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അഭിഭാഷകരും പ്രക്ഷോഭത്തിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close