സംസ്ഥാനങ്ങള്‍ക്കും കയറ്റുമതി പ്രോത്സാഹന സമിതിക്കനുമതി-പ്രധാനമന്ത്രി

modi jnpt

കേന്ദ്രത്തിനുപുറമെ സംസ്ഥാനങ്ങള്‍ക്കും കയറ്റുമതി പ്രോത്സാഹനസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മുംബൈക്കടുത്ത് നവിമുംബൈയില്‍ ജെ.എന്‍.പി.ടി. തുറമുഖത്തോടു ചേര്‍ന്ന പ്രത്യേക സാമ്പത്തികവികസനമേഖലയ്ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് കയറ്റുമതി വര്‍ധിപ്പിക്കാന്‍ രൂപവത്കരിച്ച പ്രത്യേക സാമ്പത്തികമേഖലാ പദ്ധതിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ മേഖലകള്‍ പ്രാവര്‍ത്തികമാകുന്നതിനുള്ള എല്ലാ തടസ്സങ്ങളും പ്രത്യേക താത്പര്യമെടുത്ത് നീക്കും. ഇത്തരം വ്യവസായപദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഓരോ പ്രത്യേക സാമ്പത്തികമേഖലാ നിര്‍ദേശങ്ങളും അവ നടപ്പാക്കുന്നതിലുള്ള തടസ്സങ്ങളും സമിതി പ്രത്യേകം പരിശോധിച്ച് നടപടികളെടുക്കും. കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറുകളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാലേ കയറ്റുമതിവികസനം സാധ്യമാകൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

തുറമുഖങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരുപടി മുന്നോട്ടുകടന്ന് തുറമുഖ കേന്ദ്രീകൃതവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് നിര്‍മാണ വ്യവസായവും റെയില്‍, റോഡ്, വ്യോമഗതാഗത ശൃംഖലയും ആണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായുള്ള ‘സാഗര്‍മാല’ പദ്ധതി നരേന്ദ്രമോദി വിശദീകരിച്ചു.

ചടങ്ങില്‍ സംസാരിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മഹാരാഷ്ട്ര വ്യവസായ വികസനത്തില്‍ മുന്‍പന്തിയിലും ഒന്നാംസ്ഥാനത്തുമാണെന്ന് ഊന്നിപ്പറഞ്ഞു. എന്നാല്‍, പ്രത്യേക സാമ്പത്തികമേഖലയ്ക്കായി മഹാരാഷ്ട്രയില്‍നിന്നുള്ള 146 അപേക്ഷകരില്‍ 23 പേര്‍ പിന്‍വാങ്ങി. മേഖല സംബന്ധിച്ച നികുതിനയങ്ങളും മറ്റുമാണ് ഇതിനുപിന്നില്‍. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തികമേഖലയ്ക്ക് ബാധകമായ നികുതിനയങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനങ്ങള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കാന്‍ വൈകിയതില്‍ നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാറിനുമുന്നില്‍ എന്തേ ഇത്തരമൊരു ആവശ്യം മുന്നോട്ടുെവച്ചില്ല എന്ന് പ്രധാനമന്ത്രി ചോദിച്ചു.

നവിമുംബൈയിലെ ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീകരിച്ച് തുടങ്ങുന്ന പ്രത്യേക സാമ്പത്തികമേഖലാ പദ്ധതിക്ക് 4000 കോടി മുതല്‍മുടക്ക് വരുമെന്ന് ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ഗഡ്കരി പ്രസ്താവിച്ചു. പൂര്‍ത്തിയാകുമ്പോള്‍ ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. 277 ഹെക്ടര്‍ വരുന്ന പദ്ധതിമേഖലയില്‍ നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കും.

പദ്ധതിക്ക് ഭൂമി നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക പ്രധാനമന്ത്രി വിതരണംചെയ്തു. ജവാഹര്‍ലാല്‍ നെഹ്രു തുറമുഖമേഖലയില്‍ റോഡ് വീതികൂട്ടുന്നതിനുള്ള 1400 കോടിയുടെ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close