സംസ്ഥാനത്ത് പാലുല്പാദനത്തില്‍ വര്‍ധന; വിലകൂടിയേക്കും

milma

സംസ്ഥാനത്ത് പാലുല്പാദനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം ലിറ്ററിന്റെ വര്‍ധന. മില്‍മയുടെ കീഴിലുള്ള മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലകളിലെല്ലാം വര്‍ധനയുണ്ട്. വരള്‍ച്ചമാറി പലയിടത്തും ഇടമഴ പെയ്തതാണ് ഉല്പാദനം കൂടാന്‍ കാരണമെന്ന് പറയുന്നു. കുളമ്പുരോഗത്തിന്റെ തീവ്രത കുറഞ്ഞതും ക്ഷീരമേഖലയ്ക്ക് ഗുണകരമായിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് പാല്‍വില കൂട്ടുന്നകാര്യം മില്‍മ ആലോചിക്കുന്നുണ്ട്. ചെറിയ വര്‍ധനയായിരിക്കും വരുത്തുക.

മില്‍മയുടെ പ്രതിദിന ഉല്പാദനം 8.6 ലക്ഷം ലിറ്ററാണ്. 8.75 ലക്ഷം ലിറ്റര്‍വരെ ഇതുയരാറുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസമയത്തുള്ളതിനെക്കാള്‍ 75,000 മുതല്‍ ഒരു ലക്ഷം ലിറ്റര്‍ വരെ വര്‍ധനയുണ്ട്. milkഅഞ്ചുമാസം മുമ്പ് കുളമ്പുരോഗം പടര്‍ന്ന സമയത്ത് ഉല്പാദനത്തില്‍ 60,000 ലിറ്ററിന്റെ കുറവുവന്നിരുന്നു. രോഗതീവ്രത കുറയുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്തതോടെ ഈ കുറവ് പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന മലബാര്‍ മേഖലയില്‍ 4.95 ലക്ഷം ലിറ്ററാണ് മില്‍മ ദിവസവും സംഭരിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന പാലക്കാട്, വയനാട് തുടങ്ങി മലബാറില്‍ എല്ലായിടത്തും വര്‍ധനയുണ്ട്. ഇത്തവണ 6 ലക്ഷംവരെ ഉല്പാദനം എത്തുമെന്ന പ്രതീക്ഷയിലാണ് മലബാര്‍ യൂണിയന്‍. എങ്കില്‍ അത് റെക്കോഡായിരിക്കും.
എറണാകുളം മേഖലയില്‍ 2,10,000 ലിറ്ററാണ് ഉല്പാദനം. ഇവിടെ വലിയ വര്‍ധനയില്ല. കുളമ്പുരോഗം ഈ മേഖലയിലാണ് കൂടുതല്‍ ബാധിച്ചിരുന്നത്. തിരുവനന്തപുരം മേഖലയില്‍ 2.45 ലക്ഷം ലിറ്ററാണ് ഉല്പാദനം. മുന്‍ വര്‍ഷത്തെക്കാള്‍ 10 ശതമാനം വര്‍ധനയുണ്ട്. ക്ഷീരമേഖലയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ രംഗത്തുവരുന്നതും അനുകൂല കാലാവസ്ഥയുമാണ് പാലുല്പാദനം കൂട്ടിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പ്രധാന സീസണായതിനാല്‍ ഉപഭോഗം നല്ലരീതിയില്‍ കൂടിയിട്ടുമുണ്ട്. കോഴിക്കോട് മേഖലയില്‍ മാത്രമാണ് പാലുല്പാദനത്തില്‍ സ്വയം പര്യാപ്തതയുള്ളത്. എറണാകുളം,തിരുവനന്തപുരം മേഖലയ്ക്ക് കീഴിലെ ജില്ലകള്‍ക്കുവേണ്ടി സംസ്ഥാനത്തിന്റെ പുറത്തുനിന്ന് 3.5 ലക്ഷം ലിറ്റര്‍ പാല്‍ കൊണ്ടുവരുന്നുണ്ട്. പാലുല്പാദനത്തിനുള്ള െചലവ് താങ്ങാനാവുന്നില്ലെന്ന് കര്‍ഷക സംഘടനകള്‍ മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരുടെ ആവശ്യം ന്യായമാണെങ്കിലും എല്ലാവശവും പഠിച്ചശേഷമായിരിക്കും വില വര്‍ധിപ്പിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വിലവര്‍ധന മില്‍മ പരിഗണിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തില്‍ വര്‍ധനയുണ്ടാവില്ലെന്നാണ് പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close