സംസ്ഥാനത്ത് 134 പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചു

സംസ്ഥാനത്ത്134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു  സ്‌കൂളുകള്‍ അനുവദിച്ചു. 43 സര്‍ക്കാര്‍ സ്‌കൂളുകളും 88 എയ്ഡഡ് സ്‌കൂളുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഓരോ ബാച്ചുകളിലും രണ്ട് ബാച്ചുകള്‍ വീതമാണ് അനുവദിക്കുക. ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ അനുവദിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. 25 സ്‌കൂളുകളാണ് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. 93 സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യും. 18 സര്‍ക്കാര്‍ സ്‌കൂളുകളും 78 എയ്ഡഡ് സ്‌കൂളുകളുമാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. ഇന്ന് ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് തീരുമാനമായത്. അതേസമയം, അധിക ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. തത്വദീക്ഷയില്ലാതെ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന് അധികബാധ്യതയാവുമെന്നു ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മന്ത്രി പി.കെ.അബ്ദുറബ്ബിന് കുറിപ്പ് കൈമാറിയിരുന്നു. ഒരു ബാച്ചിന് 70 ലക്ഷത്തോളം രൂപയുടെ പ്രാരംഭച്ചെലവുകള്‍ നേരിടും. 600 ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ 400 കോടി രൂപയുടെ അധികബാധ്യതാണ് സര്‍ക്കാരിനുണ്ടാവുക. ഇത്തരത്തില്‍ അനുവദിക്കുന്ന വലിയൊരു ഭാഗം ബാച്ചുകളില്‍ 3 വര്‍ഷത്തിനു ശേഷം കുട്ടികളില്ലാത്ത അവസ്ഥയും വരും. പൊതുവിദ്യാഭ്യാസ മേഖലയില്‍ 2009നു ശേഷം 5 ലക്ഷത്തോളം കുട്ടികളുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഹയര്‍സെക്കന്‍ഡറി മേഖലയിലും പ്രതിഫലിക്കും. ഒരു ബാച്ചില്‍ ചുരുങ്ങിയത് 25 വിദ്യാര്‍ത്ഥികളെങ്കിലും ഇല്ലാത്തിടത്ത് പുതിയ ബാച്ച് അനുവദിക്കരുതെന്നും കുറിപ്പില്‍ നിര്‍ദ്ദേശിച്ചു.   ഇന്ന് രാവിലെ ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്ലസ് ടു ഇല്ലാത്ത 134 പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ ഓരോ പ്ലസ് ടു ബാച്ച് വീതം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനു പുറമെ 102 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കി അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, ഏതൊക്കെ സ്‌കൂളുകളെയാണ് ഇത്തരത്തില്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടത്, എവിടെയൊക്കെ എത്ര ബാച്ച് വേണം എന്നതു സംബന്ധിച്ച് മന്ത്രിസഭാ സമിതിയില്‍ രൂക്ഷമായ ഭിന്നതയാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 189 അധിക ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചും യോജിപ്പില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close