സച്ചിന്‍ കേരളത്തില്‍

sachin football

മലയാളികളുടെ കാല്പന്തു സ്വപ്‌നങ്ങള്‍ക്ക് കളമൊരുക്കാനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഐ.പി.എല്ലിന്റെ മാതൃകയില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഐ.എം.ജി. റിലയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യന്‍സൂപ്പര്‍ ലീഗില്‍ കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സച്ചിന്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്.

രാവിലെ 11ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ടീമിന്റെ പേര് സച്ചിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ലോഗോ പ്രകാശനം ചൊവ്വാഴ്ചയുണ്ടാകില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തും. ടീമിന് സര്‍ക്കാറിന്റെയും രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ഉറപ്പാക്കുകയാണ് സച്ചിന്റെ തലസ്ഥാന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഹൈദരാബാദിലെ വന്‍ വ്യവസായി പി.വി.പി. എന്നറിയപ്പെടുന്ന പ്രസാദ് വി. പൊട്‌ലൂരിയാണ് കൊച്ചി ഫ്രാഞ്ചൈസിയില്‍ സച്ചിന്റെ പാര്‍ട്ണര്‍. അദ്ദേഹവും സച്ചിനൊപ്പംമുണ്ടാകും.

സര്‍ക്കാര്‍ അതിഥിയായെത്തുന്ന സച്ചിന്‍ ഉച്ചഭക്ഷണത്തിനു ശേഷം കല്യാണ്‍ ജൂവലേഴ്‌സിന്റെ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിക്കും. ഇരട്ട എന്‍ജിനുള്ള ബെല്‍ 429 ഹെലികോപ്റ്ററും ഫെനോം 100 എയര്‍ക്രാഫ്റ്റും സച്ചിന്റെ കേരള യാത്രയ്ക്കായി കല്യാണ്‍ ജൂവലേഴ്‌സ് വിട്ടുനല്‍കിക്കഴിഞ്ഞു.

മൂന്നു മണിയോടെയാണ് സച്ചിന്‍ കൊച്ചിയിലെത്തുക. കൊച്ചി ടീമിന്റെ ഹോംഗ്രൗണ്ടായി മാറാന്‍ പോകുന്ന കലൂര്‍ സ്റ്റേഡിയം കാണുകയാണ് മുഖ്യലക്ഷ്യം. സ്വന്തം പേരിലുള്ള പവലിയനാകും സച്ചിനെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുക. പവലിയന്‍ തുറന്നശേഷം ആദ്യമായാണ് സച്ചിന്‍ കൊച്ചിയിലെത്തുന്നത്.

മേയര്‍ ടോണി ചമ്മണിയുമായും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും ക്രിക്കറ്റ് അസോസിയേഷന്റെയും ഭാരവാഹികളുമായും ചര്‍ച്ചയുണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പത്രസമ്മേളനമുണ്ടാകില്ല. പക്ഷേ, സച്ചിന്‍ അനൗദ്യോഗികമായി മാധ്യമങ്ങളോട് സംസാരിക്കും.

ഇന്ത്യന്‍സൂപ്പര്‍ ലീഗിന്റെ ഘടനെയയും മത്സര ക്രമത്തേയുമൊക്കെക്കുറിച്ചുള്ള ആലോചനകള്‍ പ്രാഥമിക ഘട്ടത്തിലായതിനാല്‍ ടീമംഗങ്ങളെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളിലേക്ക് സച്ചിന്‍ കടന്നിട്ടില്ല. പക്ഷേ, കേരളത്തില്‍നിന്നുള്ള കളിക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാണെന്ന് ടീമൊരുക്കുന്നതില്‍ സച്ചിനെ സഹായിക്കുന്ന സംഘത്തിലെ പ്രധാനികളില്‍ ചിലര്‍ പറയുന്നു. അഡ്വര്‍ടൈസിങ് രംഗത്തെ ചില വമ്പന്മാരുടെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ സംഘത്തിന്റെ സഹായത്തോടെയാണ് കൊച്ചി ടീമിനുള്ള തന്ത്രങ്ങളുമായി സച്ചിന്‍ മുന്നോട്ട് പോകുന്നത്.

കേരളത്തിന്റെ കാല്പന്തു ഭ്രമത്തെക്കുറിച്ച് സച്ചിന് കൃത്യമായ ധാരണയുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. പക്ഷേ, വളരാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കേരളത്തില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളുണ്ടാകുന്നില്ല. ഇവര്‍ക്കുള്ള കളമൊരുക്കലാകും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ടീം.

പോയകാലത്തിന്റെ ഫുട്‌ബോള്‍ ആവേശം കേരളത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ തന്റെ ടീമിന് കഴിയുമെന്നാണ് സച്ചിന്റെ പ്രതീക്ഷ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് ലോക ക്രിക്കറ്റിന്റെ ആഭിജാത തലങ്ങളിലേക്ക് പിച്ച വയ്ക്കാനുള്ള അവസരമൊരുക്കിയതുപോലെ ഇന്ത്യന്‍സൂപ്പര്‍ ലീഗ് കേരളത്തിലെ പുതുതലമുറയ്ക്ക് അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാനും അതുവഴി ലക്ഷ്യങ്ങളെ കൂടുതല്‍ കൃത്യമാക്കാനും സഹായിക്കും. അതുതന്നെയാണ് സച്ചിന്‍ കേരളത്തിനു വേണ്ടി ഒരുക്കിവച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനവും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close