സബ്‌സിഡികള്‍ വീണ്ടും ബാങ്കുവഴിയാക്കിയേക്കും

ആധാര്‍നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍വഴി സബ്‌സിഡി നേരിട്ടുനല്‍കുന്ന പദ്ധതി പുനരാരംഭിക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമം തുടങ്ങി.

അനര്‍ഹരായവരിലേക്ക് സബ്‌സിഡിപ്പണം ഒഴുകുന്നത് തടയാന്‍ പദ്ധതി തുടരേണ്ടതുണ്ടെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. നേരത്തേ നടപ്പാക്കിയ 300 ജില്ലകളില്‍ നടത്തുന്ന പഠനത്തിന് ശേഷമായിരിക്കും പദ്ധതി വീണ്ടും തുടങ്ങുക. ആസൂത്രണക്കമ്മീഷന്റെയും സവിശേഷ തിരിച്ചറിയല്‍കാര്‍ഡ് അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ ഇവിടെ നേരിട്ടെത്തി കോട്ടങ്ങള്‍ വിലയിരുത്തും. ആഗസ്ത് 15ന് മുമ്പ് ഇതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സബ്‌സിഡി ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി മാര്‍ച്ച് 24ന് ഇടക്കാലഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്രം അപ്പീല്‍ നല്‍കിയേക്കും. ആധാറിന് പ്രാബല്യം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മുന്‍ യു.പി.എ. സര്‍ക്കാറാണ് പാചകവാതകമടക്കമുള്ള സബ്‌സിഡികള്‍ ബാങ്കുവഴിയാക്കിയത്. എന്നാല്‍, പദ്ധതിക്കെതിരെ വന്‍ എതിര്‍പ്പുയര്‍ന്നതോടെ ഇക്കഴിഞ്ഞ ജനവരിയില്‍ പദ്ധതി നിര്‍ത്തിവെച്ചു. തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടായിരുന്നു ഇത്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആധാര്‍കാര്‍ഡ് വിതരണവും അതുമായി ബന്ധിപ്പിച്ചുള്ള സബ്‌സിഡി വിതരണവും നിര്‍ത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, കാര്‍ഡുമായി മുന്നോട്ടുപോകാന്‍ സവിശേഷ തിരിച്ചറിയല്‍കാര്‍ഡ് അതോറിറ്റിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി കാട്ടി. 64 കോടി പേര്‍ക്ക് ഇതുവരെ കാര്‍ഡ് വിതരണംചെയ്തിട്ടുണ്ട്. അടുത്തവര്‍ഷം അവസാനത്തോടെ 93 കോടിപേര്‍ക്ക് കാര്‍ഡ് ലഭിക്കുംവിധം പദ്ധതി വേഗത്തിലാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

സബ്‌സിഡികള്‍ അനര്‍ഹരിലേക്ക് പോകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close