സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ആം ആദ്മി; പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്‌

aravind kejrival

ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യത മങ്ങുന്നു. സര്‍ക്കാര്‍ രൂപവത്ക്കരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ആപ്പിന് പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസും ഔദ്യോഗികമായി വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയാണ് നിഷേധിച്ചത്. ആം ആദ്മി പാര്‍ട്ടിയെ ഒരിക്കല്‍ക്കൂടി പിന്തുണയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മയും പറഞ്ഞു. നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് മുകേഷ് ശര്‍മ പറഞ്ഞു.

നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 27 ഉം കോണ്‍ഗ്രസിന് എട്ടും അംഗങ്ങളുള്ളത്. 31 അംഗങ്ങളുള്ള ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ആകെയുള്ള ഏഴ് സീറ്റും ബി.ജെ.പിയാണ് സ്വന്തമാക്കിയത്. എല്ലാ സീറ്റുകളിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്‌രിവാളിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റത്. മോദി തരംഗം വീശുന്ന ഇതേ രാഷ്ട്രീയാന്തരീക്ഷത്തില്‍ അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി. വിജയം ആവര്‍ത്തിക്കുമെന്ന ഭയമാണ് ആപ്പിലെ ഒരു വിഭാഗത്തെ സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close