സര്‍ക്കാര്‍ രൂപവത്കരണം: ഒരുക്കം തുടങ്ങി

modi varanasi

പൊതുതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തിന്റെ ഭരണം നയിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി. കൂടിയാലോചനകള്‍ സജീവമാക്കി.

പാര്‍ലമെന്ററിപാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ ചൊവ്വാഴ്ച ബി.ജെ.പി. തിരഞ്ഞെടുക്കും. മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് അന്ന് തീരുമാനമെടുക്കുമെടുക്കുമെന്ന് ശനിയാഴ്ചനടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

എന്‍.ഡി.എ.യിലെ നിലവിലുള്ള കക്ഷികളുടെ യോഗവും അന്ന് നടക്കും. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച പ്രധാന തീരുമാനങ്ങളുമുണ്ടാകും. നിലവില്‍ ശിവസേന, തെലുങ്കുദേശം, ലോക് ജന്‍ശക്തി പാര്‍ട്ടി, അകാലിദള്‍ തുടങ്ങിയവയാണ് എന്‍.ഡി.എ. മുന്നണിയോടൊപ്പമുള്ളത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദിക്ക് ഡല്‍ഹിയില്‍ ഉജ്ജ്വലസ്വീകരണം നല്‍കിയ ശേഷമാണ് പാര്‍ലമെന്ററിപാര്‍ട്ടി യോഗം നടന്നത്.

പാര്‍ട്ടി അധ്യക്ഷനും മോദിയുടെ അടുത്തയാളുമായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, വാജ്‌പേയി മന്ത്രിസഭയിലുണ്ടായിരുന്ന ശത്രുഘന്‍ സിന്‍ഹ, മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവര്‍ മോദിമന്ത്രിസഭയിലുണ്ടാകുമെന്നാണ് ആദ്യഘട്ട സൂചനകള്‍.

രാജ്‌നാഥ്‌സിങ്ങിന് ആഭ്യന്തരം, പ്രതിരോധം എന്നിങ്ങനെ സുപ്രധാന വകുപ്പുകളിലൊന്ന് നല്‍കിയേക്കും. ഗഡ്കരിക്ക് വ്യവസായവകുപ്പ് ലഭിക്കുമെന്നാണ് സൂചന. അമൃത്സറില്‍ പരാജയപ്പെട്ടെങ്കിലും രാജ്യസഭാംഗമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനകാര്യം നല്‍കാനാണ് ആലോചന നടക്കുന്നത്. പാര്‍ട്ടിയുടെ ഡല്‍ഹിഘടകം അധ്യക്ഷന്‍ ഡോ. ഹര്‍ഷവര്‍ധനന് ആരോഗ്യവകുപ്പ് കിട്ടിയേക്കും. വരുണ്‍ഗാന്ധി, സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

ലോക്‌സഭാ പ്രതിപക്ഷനേതാവായിരുന്ന തനിക്ക് അര്‍ഹമായ പരിഗണന തന്നില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന സന്ദേശം സുഷമ സ്വരാജ് നേരത്തേ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, മോദി ഉജ്ജ്വലവിജയം നേടിയ പശ്ചാത്തലത്തില്‍ കടുംപിടിത്തത്തിന് അവര്‍ തയ്യാറാകാനിടയില്ല.

75 വയസ്സിന് മുകളിലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന ആര്‍.എസ്.എസ്. നിര്‍ദേശം പാലിച്ചാല്‍ മുരളി മനോഹര്‍ ജോഷിക്ക് മന്ത്രിസഭയില്‍നിന്ന് മാറിനില്‍ക്കേണ്ടിവരും. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് നേതൃത്വത്തിനുമുന്നിലെ മറ്റൊരു വെല്ലുവിളി. സ്പീക്കര്‍സ്ഥാനം പരിഗണനയിലുണ്ടെങ്കിലും അദ്വാനി അത് ഏറ്റെടുക്കുമോയെന്നകാര്യം ഉറപ്പില്ല.

ഇതിനിടെ, അതതുരംഗത്ത് മികവുതെളിയിച്ച പ്രൊഫഷണലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും സജീവമായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മോദി കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മുന്‍ കരസേനാമേധാവി വി. കെ. സിങ്, ഐ.സി.ഐ.സി.ഐ. ബാങ്ക് ചെയര്‍മാന്‍ കെ.വി. കാമത്ത് എന്നിവരോടൊപ്പം ഡല്‍ഹി മെട്രോയുടെ ശില്പി മലയാളിയായ ഇ. ശ്രീധരന്റെ പേരും പരിഗണനയിലുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close