സര്‍ക്കാര്‍ വകുപ്പുകളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഹിന്ദി നിര്‍ബന്ധമാക്കില്ല

 

സര്‍ക്കാര്‍ വകുപ്പുകളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഹിന്ദി ഉപയോഗിക്കാനുള്ള നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍.  ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇത് ബാധകമാവുക. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഹിന്ദിക്ക് പ്രാമുഖ്യം നല്‍കാനുള്ള തീരുമാനത്തെ തമിഴ്നാട്ടില്‍നിന്നുള്ളവരടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിനിന്ന് എതിര്‍ത്തതോടെയാണു കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റം.

പ്രാദേശിക പാര്‍ട്ടികളില്‍നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നായിരുന്നു കനത്ത പ്രതിഷേധം.  സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഹിന്ദി ഉപയോഗിക്കണമെന്ന നിര്‍ദേശത്തെ തമിഴ്നാട്ടില്‍നിന്നുള്ള എന്‍ഡിഎ ഘടകക്ഷിയായ എന്‍ഡിഎംകെയടക്കം ഒറ്റക്കെട്ടായി നിന്നാണ് എതിര്‍ത്തത്.  കരുണാനിധിക്കും വൈകോയ്ക്കും പുറമെ മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിത നരേന്ദ്രമോദിക്ക് കത്തയച്ചാണ് എതിര്‍പ്പറിയിച്ചത്. സിപിഎമ്മും പിന്നാലെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും എതിര്‍പ്പ് വ്യക്തമാക്കിയപ്പോള്‍ ഹിന്ദിക്കൊപ്പം മറ്റുഭാഷകള്‍ക്കും പ്രാധാന്യം നല്‍കണമെന്നായിരുന്നു ബിഎസ്‌പി നേതാവ് മായാവതിയുടെ നിലപാട്. ഇതോടെ വിശദീകരണവുമായി പാര്‍ട്ടി രംഗത്തെത്തി.

ഹിന്ദി  സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു മാത്രമാണു ബാധകമാവുക. മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ല. മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഹിന്ദി ബാധകമാക്കി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. മറ്റു ഭാഷകളെ അപ്രസക്തമാക്കാനല്ല ഈ തീരുമാനമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രതിഷേധം തണുപ്പിക്കാനായിരുന്നില്ല.

Show More

Related Articles

Close
Close