സര്‍വകലാശാലകളില്‍ മികച്ച അധ്യാപകരില്ല: രാഷ്ട്രപതി

മികച്ച അധ്യാപകരില്ലാത്തതും പഠനവഴിയിലേക്ക് മിടുക്കരെ ആകര്‍ഷിക്കാന്‍ കഴിയാത്തതുമാണ് നമ്മുടെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കേന്ദ്രസര്‍വകലാശാലാ പ്രഥമബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

പുരാതന ഇന്ത്യയിലെ അധ്യാപകര്‍ മാതൃകാപരമായി ജീവിച്ചവരും സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങിയവരുമായിരുന്നു. ക്ലാസ്മുറികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങാതെ മികച്ച സമൂഹം കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള അത്തരം ആയിരക്കണക്കിന് അധ്യാപകരെയാണ് രാജ്യത്തിനിന്നാവശ്യം. വിദേശത്തുനിന്നും ഗവേഷണസ്ഥാപനങ്ങളില്‍നിന്നും വ്യവസായമേഖലകളില്‍നിന്നും പ്രഗല്ഭരെ കണ്ടെത്തി സര്‍വകലാശാലകളില്‍ താത്കാലികാധ്യാപകരായി നിയമിക്കണം. അധ്യാപക ഒഴിവുകള്‍ നികത്തുന്നത് യോഗ്യതയില്‍ വെള്ളം ചേര്‍ക്കാതെയാകണം. ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ നിലവാരമുയര്‍ത്താനാവശ്യമായ സൗകര്യങ്ങളുറപ്പുവരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.

ഇലക്ട്രോണിക്‌സ്-വാര്‍ത്താവിനിമയമേഖലകളില്‍ ലോകത്ത് മികച്ച നേട്ടം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ലോകത്തെ 200 സര്‍വകലാശാലകളില്‍ ഒന്നുപോലും നമ്മുടെ രാജ്യത്തുനിന്നില്ല. ഒറ്റപ്പെട്ട നേട്ടങ്ങളെ വലിയ വിജയങ്ങളാക്കിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനത്തിന് സമയമായിരിക്കുന്നു. വിദ്യാഭ്യാസപുരോഗതിക്ക് ആധുനികസാങ്കേതികവിദ്യകളുള്‍പ്പെടുത്തണം. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ വ്യാപകമാക്കണം. പുതിയ ആശയങ്ങളും അറിവും പങ്കുവെയ്ക്കുന്നതിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കിടയില്‍ വിവരസാങ്കേതികശൃംഖല വ്യാപിപ്പിക്കണം. അത്തരം വിവരങ്ങള്‍ പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കണം. വ്യവസായമേഖലയെ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്താന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പ്രാദേശികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനാണ് ഗവേഷണങ്ങള്‍ ലക്ഷ്യംവെയ്‌ക്കേണ്ടത്. എന്നാല്‍, അവയുടെ നിലവാരം അന്തര്‍ദേശീയതലത്തിലുള്ളതാകണം. പുതിയ ആശയങ്ങള്‍ താഴേക്കിടയില്‍നിന്നുയര്‍ത്തിക്കൊണ്ടുവന്ന് അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം സര്‍വകലാശാലകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു.

പെരിയ സര്‍വകലാശാലാ കാമ്പസ് തേജസ്വിനി ഹില്‍സ് എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുകയെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്രസര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍!ഡ് പബ്ലിക് ഹെല്‍ത്ത് തുടങ്ങുന്നത് രാഷ്ട്രപതി സ്വാഗതം ചെയ്തു. സാമൂഹികാരോഗ്യസംരക്ഷണത്തിനും ചെലവുകുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ കോളേജ് നിമിത്തമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 567 പേര്‍ക്ക് ചടങ്ങില്‍ ബിരുദം നല്‍കി.

ഗവര്‍ണര്‍ ഷീല ദീക്ഷിത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസര്‍വകലാശാലാ ചാന്‍സലര്‍ ഡോ. വി.എല്‍.ചോപ്ര, വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. ജേക്കബ് ചാക്കോ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close