സലിംരാജ് കേസ്: പരാതി സിബിഐ പിന്‍വലിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ളവര്‍ പ്രതിയായ  ഭൂമി തട്ടിപ്പു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നു കാണിച്ചു ഹൈക്കോടതിയില്‍ നല്‍കിയ പരാതി സിബിഐ പിന്‍വലിച്ചു. ഇന്നലെ വൈകിട്ടാണു സിബിഐ പരാതി പിന്‍വലിച്ചത്. ഇക്കാര്യം ഇന്നു രാവിലെ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.കടകംപള്ളി, കളമശേരി അടക്കമുള്ള ഭൂമി ഇടപാടുകേസുകളിലെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായം വേണമെന്നുകാണിച്ചാണു സിബിഐ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നയുടന്‍ സി ബി ഐ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ അതേക്കുറിച്ച് അറിയുന്നതുതന്നെ അപ്പോഴാണ്. തൊട്ടുപിന്നാലെ സി ബി ഐ പരാതി പിന്‍വലിച്ചു. തെറ്റുകള്‍ തിരുത്തുന്നതിനുവേണ്ടിയാണു പരാതി പിന്‍വലിച്ചതെന്നാണു സിബിഐ ഭാഷ്യം. കേസ് അന്വേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കാന്‍ സര്‍ക്കാറിനു നിര്‍ദേശം നല്‍കണമെന്നാണു സിബിഐ അഭിഭാഷകന്‍ ഹര്‍ജി ആവശ്യപ്പെട്ടിരുന്നത്.

സലിം രാജ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു വി. ശിവന്‍കുട്ടി എംഎല്‍എ ഇന്നു നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കവെയാണു കേസ് സിബിഐ പിന്‍വലിച്ചകാര്യം മുഖ്യമന്ത്രി അറിയിച്ചത്. കോടതിയില്‍ ഉന്നയിക്കാത്ത പരാതിയാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നു കാണിച്ചു ഹൈക്കോടതി രജിസ്ട്രാര്‍ക്കു നല്‍കിയ പരാതിയെക്കുറിച്ചു സിബിഐയ്ക്ക അറിയില്ലായിരുന്നു. അത് അറിഞ്ഞയുടെന്‍ അവര്‍ പരാതി പിന്‍വലിച്ചു. സിബിഐയ്ക്ക് രജിസ്ട്രേഷന്‍ വകുപ്പില്‍നിന്നുള്ളതടക്കം എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Show More

Related Articles

Close
Close