സാംബാ സവാരി തുടങ്ങി

neymar

ബ്രസീലിന് വേണ്ടി ആര്‍ത്തലച്ച കാണികള്‍ നിശബ്ദരായ നിമിഷങ്ങള്‍, മാരക്കാന ദുരന്തം പോലെ മറ്റൊരു ദുരന്തം സാവോപോളോയിലും ആവര്‍ത്തിക്കുമെന്ന് ആശങ്കപ്പെട്ട ഓരോ മുഖത്തും പ്രകടം. ക്രൊയേഷ്യന്‍ താരം ഇവിക ഒലിച്ചിന്റെ പുറത്തേക്ക് പോകുമായിരുന്ന ഷോട്ട് മാഴ്സലോയുടെ കാലില്‍ തട്ടി സ്വന്തം പോസ്റ്റില്‍. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു തുടക്കത്തില്‍ ബ്രസീലിന്റെ പ്രകടനം ആദ്യ 20 മിനുട്ടില്‍ ആതിഥേയര്‍ ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ബ്രസീല്‍ മത്സരത്തിലേക്ക് തിരിച്ചു വന്നു സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയതോടെ ബ്രസീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. സൂപ്പര്‍ താരം നെയ്മര്‍ തന്നെയായിരുന്നു ബ്രസീല്‍ ആക്രമണങ്ങളുടെ കുന്തമുന. 29 ാം മിനുട്ടില്‍ നെയ്മര്‍ ബ്രസീലിന് സമനില സമ്മാനിച്ചു ഇതിനിടയില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച നെയ്മര്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ബ്രസീലിന് മുന്നിലെത്താനുള്ള അവസരം ഒരുക്കിയെങ്കിലും ഹള്‍ക്കിന് മുതലാക്കാനായില്ല.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളിലൂടെ കളം വാണ ബ്രസീല്‍ 71 ാം മിനുട്ടില്‍ നിര്‍ണായകമായ ലീഡ് സ്വന്തമാക്കി. ഫ്രഡിനെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച കിക്കില്‍ നിന്നും നെയ്മര്‍ തന്നെയാണ് രണ്ടാം ഗോളും നേടിയത്.

മധ്യനിരയില്‍ നെയമറിനൊപ്പം ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഓസ്കാറാണ് മൂന്നാം ഗോള്‍ നേടിയത്. മൈതാന മധ്യത്തില്‍  നിന്നും പന്തുമായി കുതിച്ച ഓസ്കാര്‍ മനോഹരമായി പന്ത് വലയിലാക്കി.

സ്കോര്‍ സൂചിപ്പിക്കുന്നത് പോലെ അത്ര അനായാസമായിരുന്നില്ല ബ്രസീലിന്റെ ജയം ബ്രസീലിന്റെ പ്രധാന ശക്തിയെന്ന് വിലയിരുത്തപ്പെട്ടിരുന്ന പ്രതിരോധ നിരയിലെ വീഴ്ചകള്‍ ക്രൊയേഷ്യ തുറന്ന് കാട്ടി. മാഴ്സലോയും ക്യാപ്റ്റന്‍ തിയാഗോ സില്‍വയും അടക്കമുള്ളവര്‍ പിഴവ് വരുത്തുന്നതില്‍ മത്സരിച്ചപ്പോള്‍ ഡേവിഡ‍് ലൂയീസ് മാത്രമായിരുന്നു അപവാദം. മുന്നേറ്റ നിരയില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവം പലപ്പോഴും പ്രകടമായിരുന്നു. ഏക സ്ട്രൈക്കറായ ഫ്രെഡിന്റെ കാലില്‍ പന്തെത്തിയതാവട്ടെ വിരലിലെണ്ണാവുന്ന അവസരങ്ങളില്‍ മാത്രവും മുന്നേറ്റത്തിലെയും പ്രതിരോധത്തിലെയും വീഴ്ചകള്‍ തന്നെയാകും വരും മത്സരങ്ങളിലും ബ്രസീലിന്റെ പ്രധാനവെല്ലുവിളി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close