സി ബി ഐയ്ക്ക് എല്ലാ സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
കടകംപള്ളി ഭൂമിതട്ടിപ്പുകേസ് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വി ശിവന്‍കുട്ടി എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് അടക്കമുള്ളവര്‍ പ്രതിയായ ഭൂമി തട്ടിപ്പുകേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ശിവന്‍കുട്ടി എം എല്‍ എ ആരോപിച്ചു. എന്നാല്‍ , ഹൈക്കോടതിയില്‍ സി ബി ഐ നല്കിയ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്കി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നയുടന്‍ സി ബി ഐ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ അതേക്കുറിച്ച് അറിയുന്നതുതന്നെ അപ്പോഴാണ്. തൊട്ടുപിന്നാലെ സി ബി ഐ പരാതി പിന്‍വലിച്ചു. സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നില്ല എന്ന പരാതി ഇപ്പോള്‍ ഹൈക്കോടതിക്ക് മുന്നില്‍ ഇല്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
പരാതിയിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സി ബി ഐ ഹൈക്കോടതിയില്‍ നല്കിയ പരാതി പിന്‍വലിച്ചിട്ടുള്ളത്.