സീറ്റ് കുറഞ്ഞാല്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരെ മാറ്റിയേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്ന് കേന്ദ്രനേതൃത്വം. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന തുടങ്ങി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഹൈക്കമാന്‍റ് നല്‍കിയത്.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകമാകാന്‍ പോവുകയാണ് മെയ് 16. അന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് നേടാനായില്ലെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ പിന്നീട് തുടരരുത് എന്നാണ് ഹൈക്കമാന്റിന്റെ മുന്നറിയിപ്പ്. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രഥ്വിരാജ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ്റാവത്ത് തുടങ്ങിയവര്‍ക്ക് കഴിഞ്ഞ മാസം ഹൈക്കമാന്റിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് അഭിപ്രായ സര്‍വെകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സീറ്റ് കുറഞ്ഞാല്‍ അത് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പരാജയം കൂടി വിലയിരുത്തുമെന്ന് ഹൈക്കമാന്റ് വൃത്തങ്ങള്‍ പറഞ്ഞു. അഭിപ്രായ സര്‍വെകള്‍ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ പല മുഖ്യമന്ത്രിമാരുടെയും സീറ്റ് തെറിക്കുമെന്ന കാര്യം ഉറപ്പ്.

കേരളത്തില്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2004ല്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിട്ടപ്പോഴാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എ.കെ.ആന്റണിക്ക് രാജിവെക്കേണ്ടിവന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ണാടകയില്‍ 28ല്‍ 20 സീറ്റും നേടാന്‍ കഴിയുമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാന്റിന് നല്‍കിയിരിക്കുന്ന ഉറപ്പ്. പക്ഷെ, ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ അത്ര തൃപ്തികരമല്ല എന്നാണ് കോണ്‍ഗ്രസിന് അകത്തെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ഗാന്ധി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷകരെ അയച്ചുകയും ചെയ്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close