സുധീരനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

v-m-sudheeran

മന്ത്രിസഭാ പുനഃസംഘടനാ നീക്കങ്ങള്‍ ചൂടുപിടിച്ചതോടെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും. മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നും വേണമെന്നുമുള്ള നിലപാടുകള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെട്ടതോടെയാണ് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ഞായറാഴ്ച സുധീരന്‍ ഡല്‍ഹിക്ക് പോയേക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്കായി മുഖ്യമന്ത്രി ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ധാരണ കേരളത്തില്‍ തന്നെയാണ് ഉണ്ടാകേണ്ടതെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. കേരളത്തില്‍ ഇക്കാര്യത്തെക്കുറിച്ച് അനൗപചാരിക ചര്‍ച്ചയല്ലാതെ ഔദ്യോഗികമായി സംസാരമൊന്നും നടന്നിട്ടില്ല. എന്നാല്‍ പുനഃസംഘടന വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ഐ ഗ്രൂപ്പാകട്ടെ പുനഃസംഘടന വേണ്ടെന്ന അഭിപ്രായക്കാരാണ്. മന്ത്രിസഭയില്‍ മാറ്റം വേണമെന്ന കടുത്ത നിലപാട് മുഖ്യമന്ത്രിയെടുക്കുന്നതിനാല്‍ അതിന് വഴങ്ങേണ്ടിവരും. എന്നാല്‍ ചര്‍ച്ചകള്‍ കൂടുതലായി നടക്കേണ്ടിവരും. കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.പി.സി.സി. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള അനുമതി തേടി കേരളത്തിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയിരിക്കയാണ്. മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്ന ഐ ഗ്രൂപ്പിന്റെ നിലപാട് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശ്യം. അഥവാ പുനഃസംഘടിപ്പിക്കേണ്ടി വന്നാല്‍ ഐ ഗ്രൂപ്പില്‍ നിന്ന് മന്ത്രിമാരെ ആരെയും ഒഴിവാക്കരുത്.

കെ.ബി. ഗണേഷ്‌കുമാര്‍ രാജിവെച്ച ഒഴിവിലാണ് രമേശ് മന്ത്രിയായത്. ഇപ്പോള്‍ മന്ത്രിസഭയുടെ അനുവദനീയമായ അംഗസംഖ്യയിലെത്തി നില്‍ക്കുകയാണ്. ഗണേഷ്‌കുമാര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നതിന് ആരെങ്കിലും രാജിവച്ചേ മതിയാകൂ. ഗണേഷിന്റെ ഒഴിവ് ഐ ഗ്രൂപ്പിന് ലഭിച്ചതിനാല്‍ അദ്ദേഹം മടങ്ങിവരുന്നതിന് ഐ ഗ്രൂപ്പില്‍ നിന്ന് ആരെങ്കിലും ഒഴിയണമെന്നാണ് എ പക്ഷത്തിന്റെ നിലപാട്. എന്നാല്‍ തങ്ങള്‍ക്ക് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനാല്‍ ഇനി ഒരു മന്ത്രിസ്ഥാനം കൂടി കൈവിടാന്‍ കഴിയില്ലെന്നും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയിലെ ഒഴിവ് തനിക്ക് ലഭിച്ചതിനാല്‍ അതിന്റെ പേരില്‍ ഐ ഗ്രൂപ്പില്‍ നിന്ന് മറ്റൊരു മന്ത്രിക്ക് സ്ഥാനം നഷ്ടമാകുന്നതില്‍ രമേശിന് വ്യക്തിപരമായും ബുദ്ധിമുട്ടുണ്ട്. ഇതുകൂടി ഉള്‍ക്കൊണ്ടാണ് രമേശ് മന്ത്രിസഭാ പുനഃസംഘടനയെ എതിര്‍ക്കുന്നത്. നിരന്തരം വിവാദങ്ങളിലായിരുന്ന ഗണേഷിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കുന്നതിനെ ഐ ഗ്രൂപ്പ് ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.

ഗണേഷിനെ തിരികെ കൊണ്ടുവരുന്നതിനൊപ്പം മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയും മുഖ്യമന്ത്രി ലക്ഷ്യമിടുന്നുണ്ട്. പ്രധാനമായും വകുപ്പ് വിഭജനത്തില്‍ കാര്യമായ മാറ്റം വന്നേക്കാം. ഒന്നോ, രണ്ടോ പേരെ ഒഴിവാക്കി പകരമാളുകള്‍ മന്ത്രിസഭയില്‍ വരാനുള്ള സാധ്യതയുമുണ്ട്. ഇപ്പോള്‍ ആഭ്യന്തരം, റവന്യൂ, ആരോഗ്യം, ടൂറിസം, സഹകരണം എന്നിവയടക്കമുള്ള പ്രധാന വകുപ്പുകള്‍ ഐ ഗ്രൂപ്പിനായതിനാല്‍ എ പക്ഷത്തുനിന്ന് മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. വനം, എക്‌സൈസ്, ആസൂത്രണം, വൈദ്യുതി തുടങ്ങിയ വകുപ്പുകളാണ് എ പക്ഷത്തുള്ളവയില്‍ പ്രധാനം. പുനഃസംഘടനയില്‍ നഷ്ടം തങ്ങള്‍ക്കാകുമെന്നത് ഐ ഗ്രൂപ്പിന്റെ എതിര്‍പ്പിന് തീവ്രതയേറ്റുന്നു.
ഇതിനിടെ യു.ഡി.എഫ്. യോഗത്തിലെ തന്റെ പരാമര്‍ശം തിരുത്തി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തെത്തി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പിള്ള തന്റെ പരാമര്‍ശം തിരുത്തിയത്. സരിതയുടെ കത്ത് തന്റെ പക്കലില്ലെന്നും അതിന്റെ പേരില്‍ താന്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷിനെ മന്ത്രിയാക്കാന്‍ സന്നദ്ധനായിരുന്ന മുഖ്യമന്ത്രിക്ക് പിള്ളയുടെ ഭീഷണി തടസ്സമായി. ഭീഷണിയുടെ കാലം കഴിയട്ടെയെന്ന നിലപാടാണ് പിന്നീട് മുഖ്യമന്ത്രിയെടുത്തത്. ഇതിന്റെ ഭാഗമായാണ് തന്റെ വാക്കുകള്‍ തിരുത്തി ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്. ബ്ലാക്ക്‌മെയ്‌ലിങ് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുധീരനെക്കൂടി ഡല്‍ഹിക്ക് വിളിപ്പിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡ് കൃത്യമായ നിര്‍ദേശം നല്‍കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനത്തിലെത്തുക. കേരളത്തില്‍ തന്നെ യോജിച്ച തീരുമാനം എടുക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് ദുര്‍ബലദശയിലായതിനാല്‍ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രനേതൃത്വം ഇഷ്ടപ്പെടുന്നില്ല. നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങുന്നതിനാല്‍ അതിനുശേഷമേ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകൂ. എന്നാല്‍ ചര്‍ച്ചകള്‍ സഭാ സമ്മേളനകാലത്തുതന്നെ നടക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close