സുപ്രീംകോടതി ജഡ്ജിയാകാനില്ലെന്നു ഗോപാല്‍ സുബ്രഹ്മണ്യം

സുപ്രീംകോടതി ജഡ്ജിയാകാനില്ലെന്നു ഗോപാല്‍ സുബ്രഹ്മണ്യം. ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. യുക്തിയേക്കള്‍ ആത്മീയതയ്ക്കു പ്രാധാന്യം നല്‍കുന്ന വ്യക്തിയാണെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. 2 ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിനു പിന്നാലെ രഹസ്യാന്വേഷണ വിഭാഗവും തനിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണു സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ നിന്നും ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറിയത്. തനിക്കെതിരായ ആരോപണങ്ങളില്‍ ദുഖമുണ്ടെന്ന് കാട്ടി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് തോന്നിയത് കൊണ്ടാകാം കേന്ദ്രസര്‍ക്കാര്‍ തനിക്കെതിരെ നിലപാടെടുത്തതെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറയുന്നു.

യുക്തിയേക്കാള്‍ ആത്മീയ നിഗമനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാമര്‍ശം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്രമക്കേട് കണ്ടെത്താന്‍ സഹായിച്ചത് ദൈവമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടി ഗോപാല്‍ സുബ്രഹ്മണ്യം പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം. ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ ആരോപണവിധേയനായ സാഹചര്യത്തില്‍ ജഡ്ജിയാക്കാനാകില്ലെന്ന് കാട്ടി നിയമമന്ത്രാലയം കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയിരുന്നു. കോര്‍പ്പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി ഗോപാല്‍ സുബ്രഹ്മണ്യത്തിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി.

ഗോപാല്‍ സുബ്രഹ്മണ്യത്തിന് പുറമേ സുപ്രീംകോടതി അഭിഭാഷകനായ റോഹിംഗ്ടണ്‍ നരിമാന്‍, കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. മറ്റ് 3 പേരുടേയും ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Show More

Related Articles

Close
Close