സുമിത്ര മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു

മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജനെ ലോക്സഭാ സ്പീക്കറായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പാര്‍ട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രമേയത്തെ എല്‍.കെ. അദ്വാനി പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയംമാത്രമേ ലോക്സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന് എട്ടാം തവണയാണ് ലോക്സഭാംഗമാകുന്നത്. സ്പീക്കറെ സഹായിക്കാനുള്ള അധ്യക്ഷന്മാരുടെ പാനലില്‍ നേരത്തേ പലതവണ അംഗമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്നേഹാദരത്തോടെ ‘തായ്'(സഹോദരി) എന്ന വിളിപ്പേരുള്ള സുമിത്ര, തികഞ്ഞ സൗഹൃദത്തോടും മാന്യതയോടുംകൂടി എല്ലാവരുമായി ഇടപഴകുന്ന നേതാവാണ്.
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലനില്‍ 1943 ഏപ്രില്‍ 12 നാണ് ജനനം. 39 ാം വയസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുമിത്ര ആദ്യം ഇന്‍ഡോര്‍ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ് പേയി മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാര്‍ത്താവിതരണം, ഐ ടി, പെട്രോളിയം – പ്രകൃതിവാതകം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1989 ല്‍ ഇന്‍ഡോറില്‍നിന്ന് എം പിയായി വിജയിച്ച അവര്‍ക്ക് പിന്നീട് പരാജയം നേരിടേണ്ടി വന്നിട്ടില്ല. എട്ടുതവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്.
രാജ്നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവര്‍ സുമിത്രമഹാജന്റെ പേരു നിര്‍ദേശിച്ച് പ്രമേയം സമര്‍പ്പിച്ചിരുന്നു. ഇതിനുപുറമെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ.ഐ.എ.ഡി.എം.കെ), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), ഭര്‍തൃഹരി മെഹ്താബ് (ബിജു ജനതാദള്‍), മുലായംസിങ് യാദവ് (എസ്.പി), ദേവ ഗൗഡ(ജനതാദള്‍-എസ്), സുപ്രിയ സുലെ (എന്‍.സി.പി), മുഹമ്മദ് സലീം (സി.പി.എം), ജിതേന്ദ്ര റെഡ്ഡി (ടി.ആര്.എസ്) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.