സുരാജെത്തി അമ്പിളിച്ചേട്ടന്റെ അനുഗ്രഹം തേടി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായ സുരാജ് വെഞ്ഞാറമൂട് നടന്‍ ജഗതി ശ്രീകുമാറിനെയും ജഗതി രക്ഷാധികാരിയായ വൃദ്ധസദനത്തിലെ അമ്മമാരെയും കാണാനെത്തി. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം സുരാജ് പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൃദ്ധസദനത്തില്‍ നടന്നത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മിണ്ണംകോടുള്ള സത്യാന്വേഷണയുടെ ഓഫീസില്‍ സുരാജ് ഭാര്യ സുപ്രിയയോടൊപ്പമെത്തി. പിന്നീട് ഉറിയാക്കോടിനടുത്ത് നെടിയവിളയിലെ വൃദ്ധസദനത്തിലേക്ക് പോയി. അവിടെ കഴിയുന്ന അമ്മമാര്‍ അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. സത്യാന്വേഷണ സൊസൈറ്റി നല്‍കിയ ലളിതമായ സ്വീകരണ യോഗത്തില്‍ സുരാജ് പങ്കെടുത്തു.

അമ്പിളിച്ചേട്ടനില്‍ (ജഗതി) നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനത്തെക്കുറിച്ചറിയുന്നത്. തന്നാലാവും വിധമുള്ള സഹായം സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. ആരോരുമില്ലാത്ത ഈ അമ്മമാര്‍ക്ക് തുണയായി നമ്മളെല്ലാവരുമുണ്ടാകണമെന്ന് സുരാജ് പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് ഗില്‍റ്റണ്‍ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജി.സോമന്‍ ഉപഹാരം നല്‍കി. ജോയിന്റ് സെക്രട്ടറി വിജയകുമാര്‍, എം.പി.ശ്രീധരന്‍, രാജേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഗതി മന്ദിരത്തില്‍ നിന്ന് സുരാജ് ജഗതി താമസിക്കുന്ന പേയാട് സ്‌കൈ ലൈനിലേക്ക് പോയി. ജഗതിയുടെ കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവിടെ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. സ്‌കൈ ലൈന്‍ കോമ്പൗണ്ടിനു പുറത്ത് വാഹനം നിര്‍ത്തിയ സുരാജ് ജഗതിയുടെ വീട്ടിലേക്ക് നടന്നുനീങ്ങി. 30 മിനിറ്റിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കണ്ടു. തന്റെ രണ്ടാമത്തെ ചിത്രമായ ‘തെന്നാലിരാമനി’ലെ ആദ്യരംഗം ചിത്രീകരിച്ചത് ജഗതി ശ്രീകുമാറിനൊപ്പമായിരുന്നുവെന്നും അന്ന് അദ്ദേഹം വാക്കുകള്‍കൊണ്ട് തന്നെ അനുഗ്രഹിച്ചിരുന്നുവെന്നും സുരാജ് പറഞ്ഞു.

സിനിമയില്‍ വെല്ലുന്ന പ്രകടനം കാഴ്‌ചെവച്ചിട്ടുള്ള ജഗതി താമസിയാതെ അഭിനയരംഗത്ത് തിരിച്ചെത്തുമെന്നും സുരാജ് പറഞ്ഞു.
ജഗതിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാം ഒത്തുവരുന്നതിന് ഭാഗ്യം ഒരുഘടകമാണെന്നായിരുന്നു സുരാജിന്റെ മറുപടി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close