സൂപ്പര്‍ താരനിരയുമായി ‘അപ്പോത്തിക്കിരി’

poster 1

വേറിട്ട വഴി തേടുന്ന സംവിധായകനും സൂപ്പര്‍ താരങ്ങളും ഒരുമിക്കുന്ന ‘അപ്പോത്തിക്കിരി’ തിയറ്ററുകളിലെത്തി. സുരേഷ്‌ഗോപി, ജയസൂര്യ, ആസിഫ്അലി എന്നിവര്‍ ഒരുമിക്കുന്ന ചിത്രം താരങ്ങളുടെ പുത്തന്‍ പരിവേഷവുമായി എത്തുന്നു. പൂര്‍ണമായും മള്‍ട്ടി ക്യാമറയില്‍ പകര്‍ത്തി, ഒറ്റ രംഗത്തില്‍ ആസ്വാദകരെ പിടിച്ചിരുത്തിയ പരീക്ഷണചിത്രം ‘മേല്‍വിലാസ’ത്തിന് ശേഷം മാധവ് രാംദാസ് ഒരുക്കുന്ന ഈ ചിത്രവും കാഴ്ചയുടെ പുതുവഴിയാണൊരുക്കുന്നത്. ‘അപ്പോത്തിക്കിരി’യിലൂടെ നടി അഭിരാമി ഒരിടവേളയ്ക്ക്‌ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തി.

ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍-രോഗി ബന്ധത്തിന്റെ തീവ്രത മുറ്റുന്ന കഥയുമായാണ് അപ്പോത്തിക്കിരി എത്തുന്നത്. സ്റ്റാര്‍ഹോട്ടലുകളുടെ പ്രൗഢിയിലേക്ക് വളര്‍ന്ന ആസ്പത്രി കെട്ടിടങ്ങളിലെ ‘അന്യര്‍ക്ക് പ്രവേശന’മില്ലാത്ത തണുത്ത കാഴ്ചകളിലേക്കാണ് ക്യാമറ ചലിക്കുന്നത്. ‘സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ചിലവുകള്‍ കൂടുന്നത് സ്വാഭാവികം. അതുതന്നെയാണ് ചികിത്സയിലും; അതെങ്ങനെ കൊള്ളയാകും’ എന്ന ന്യായത്തിന് മുന്നില്‍ ബില്ലും കൈയ്യില്‍പിടിച്ച് ഒരിക്കലെങ്കിലും ചൂളി നിന്നിട്ടുള്ള മലയാളികള്‍. അവര്‍ക്ക് മുന്നിലേക്കാണ് മെഡിക്കല്‍ എത്തിക്‌സിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഡോ. നമ്പ്യാരും കൂട്ടരുമെത്തുക.

‘ഒരു നേരത്തെ പച്ചക്കറിക്ക് ചന്തയില്‍ വിലപേശുന്ന സാധാരണക്കാരന്‍ പക്ഷേ മരുന്നിന് വിലപേശാറില്ല’-ഈ യാഥാര്‍ത്ഥ്യത്തില്‍ തുടങ്ങുന്നു ‘അപ്പോത്തിക്കിരി’യിലെ അനുഭവക്കാഴ്ചകള്‍. അപ്പോത്തിക്കിരി ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോസര്‍ജനാണ് ഡോ. വിജയ നമ്പ്യാര്‍. ഭാര്യ നളിനി നമ്പ്യാര്‍ അവിടുത്തെ അറിയപ്പെടുന്ന ഗൈനോക്കാളജിസ്റ്റാണ്. ഇവിടെക്ക് സുബി ജോസഫ് എന്ന രോഗിയുടെ കടന്നുവരവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍.

ഡോ. വിജയ് നമ്പ്യാര്‍ എന്ന പ്രധാനകഥാപാത്രമായി ശക്തമായ മടങ്ങിവരവിനൊരുങ്ങുകയാണ് സുരേഷ്‌ഗോപി. ശരീരഭാരം പത്തുകിലോയിലേറെ കുറച്ചുകൊണ്ടാണ് ജയസൂര്യ അപ്പോത്തിക്കിരിയിലെ രോഗിയാകുന്നത്. ആസിഫ്അലിയും ഇതുവരെ കാണാത്ത അപ്പിയറന്‍സിലാണ് അപ്പോത്തിക്കിരിയിലെ പ്രതാപന്‍ എന്ന കഥാപാത്രമാകുന്നത്.

മീരാ നന്ദന്‍, ഇന്ദ്രന്‍സ്, ജയരാജ് വാര്യര്‍, തമ്പി ആന്റണി, അരുണ്‍, സീമാ ജി.നായര്‍ തുടങ്ങി മുന്‍നിര അഭിനേതാക്കളുമുണ്ട്. കഥ മാധവ് രാംദാസിന്റേതാണ്. ഹേമന്ദ്കുമാറും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ. അറമ്പന്‍കുടിയില്‍ സിനിമാസിന്റെ ബാനറില്‍ ഡോ. ബേബി മാത്യുവും ഡോ. ജോര്‍ജ്ജ്മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരി നായരാണ് ഛായാഗ്രാഹകന്‍.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close