സ്പാനിഷ് ദുരന്തം അനിവാര്യം

spain coach കുറിയ പാസുകളുമായി മത്സരം നിയന്ത്രണത്തിലാക്കുക എന്നത് തന്നെയായിരുന്നു ഇത്തവണയും സ്പെയ്നിന്റെ തന്ത്രം. ആദ്യ പകുതിയില്‍ അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. മധ്യനിരയില്‍ സാവിയും ഇനിയസ്റ്റയും കളി നിയന്ത്രിച്ചതോടെ മത്സരം സ്പെയിനിന് അനുകൂലമാകുമെന്ന തോന്നലുണ്ടാക്കി. എന്നാല്‍ കഴിഞ്ഞ തവണ നേരിട്ട അതേ ദുരന്തം ആവര്‍ത്തിക്കാന്‍ ഹോളണ്ട് ഇത്തവണ തയ്യാറല്ലായിരുന്നു. രണ്ടാം പകുതിയില്‍ വ്യക്തമായ ഗെയിം പ്ലാനുമായാണ് വാന്‍ഗാല്‍ ടീമിനെ സജ്ജമാക്കിയത്. സ്പാനിഷ് മുന്നേറ്റങ്ങളുടെ സൂത്രധാരകരായ ഇനിയസ്റ്റയെയും സാവിയെയും പന്ത് തൊടാന്‍ അനുവദിക്കാതിരിക്കുക എന്നത് തന്നെയായിരുന്നു അതില്‍ പ്രധാനം. മധ്യ നിരയില്‍ കളി കേന്ദ്രീകരിക്കാന്‍ സ്വന്തം പാതിയിലേക്ക് പന്ത് ഇറക്കി കളിച്ചാണ് ഹോളണ്ട് ഈ പദ്ധതി നടപ്പിലാക്കിയത്. അതോടെ സ്പെയ്നും അവരുടെ വിഖ്യാതമായ ടിക്കി ടാക്കയും തകര്‍ന്നു. കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബ്രസീലിനോട് തോറ്റപ്പോള്‍ തന്നെ ടിക്കി-ടാക്കയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ അതേ ശൈലി തന്നെ പിന്‍തുടര്‍ന്നതാണ് സ്പാനിഷ് കോച്ച് വിന്‍സന്റ് ഡെല്‍ബോസ്കിന് പിഴച്ചത്. വിംഗുകളിലൂടെയുള്ള ഹോളണ്ടിന്റെ കടന്നാക്രമണത്തിനൊപ്പം പിക്വെയും റാമോസും അടങ്ങുന്ന സ്പാനിഷ് പ്രതിരോധം ആടിയുലയുന്നതാണ് പിന്നീട് കണ്ടത്. വാന്‍പേഴ്സിയും ആര്യന്‍ റോബനും തുടര്‍ച്ചയായി സ്പാനിഷ് ഗോള്‍ മുഖത്ത് ഭീതി വിതച്ച് കൊണ്ടിരുന്നു. വിംഗുകളിലൂടെ മുന്നേറാന്‍ റോബനുള്ള പ്രത്യേക മിടുക്കും ഹോളണ്ടിന്റെ വന്‍ ജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെ നിലം പരിശാക്കുമ്പോഴും അമിതമായ ആഹ്ലാദമൊന്നും കോച്ച് വാന്‍ഗാലിന്റെ മുഖത്തുണ്ടായിരുന്നില്ല. ആവിഷ്കരിച്ച തന്ത്രങ്ങള്‍ കളിക്കളത്തില്‍ നടപ്പിലായതിന്റെ സംതൃപ്തിയിലായിരുന്നു അദ്ദേഹം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close