സ്പിരിറ്റ് കടത്തും വ്യാജമദ്യവും തടയാന്‍ പദ്ധതി

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പില്‍ വരുന്നതോടെ ശക്തിപ്പെടാന്‍ സാധ്യതയുള്ള സ്പിരിറ്റ് കടത്തിനെയും വ്യാജമദ്യമാഫിയയെയും നേരിടാന്‍ ദ്വിമുഖ പദ്ധതി ആവിഷ്‌കരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സ്പിരിറ്റ് മാഫിയയെ നേരിടാന്‍ ഗുണ്ടാനിയമത്തില്‍ ഭേദഗതി വരുത്തും. അതിര്‍ത്തി പ്രദേശങ്ങളില്‍ സ്പിരിറ്റ് കടത്ത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തും. സ്പിരിറ്റ് കടത്തിനായി ഉപയോഗിക്കുന്ന അനധികൃത വഴികള്‍ കണ്ടെത്താനും നടപടികളെടുക്കും.

കടല്‍മാര്‍ഗവും റെയില്‍മാര്‍ഗവും സ്പിരിറ്റ് കടത്തുന്നത് തടയുവാനായി കോസ്റ്റല്‍ പോലീസിനും റെയില്‍വേ പോലീസിനും നിര്‍ദ്ദേശം നല്‍കും. ഡിസ്റ്റിലറികളില്‍ നിന്നും വ്യാജമദ്യമാഫിയക്ക് സ്പിരിറ്റ് ലഭിക്കാതിരിക്കാനുള്ള നടപടികളെടുക്കുമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണ ലഭിക്കുമ്പോഴാണ് ശക്തമായ മാഫിയ വത്കരണം ഉണ്ടാകുന്നത്. മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്ന ഉദ്യോഗസ്തര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പോലീസില്‍ മദ്യാസക്തിയുള്ളവരെ കണ്ടെത്തി ലഹരിമോചന കേന്ദ്രത്തിലയക്കും. മദ്യത്തിന്റെ ലഭ്യത കുറയുന്നതോടെ ആളുകള്‍ മയക്കുമരുന്നിലേക്ക് മാറുന്നതിനുള്ള സാധ്യത മുന്‍കണ്ട് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

എക്‌സൈസും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കും. കോളേജുകളിലെ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി ശക്തമാക്കും. മായം ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമകള്ള് നിര്‍മ്മാണം തടയാനും നടപടിയെടുക്കുമെന്ന് ദ്വിമുഖ പദ്ധതിയെക്കുറിച്ച് വിശദീകരിക്കവെ ആഭ്യന്തരമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close