സ്വകാര്യ ബസ്സിന്റെ അമിതവേഗം; യുവതിയും പിഞ്ചുകുഞ്ഞും ബസ്സില്‍നിന്ന് തെറിച്ചുവീണു

നഗരമധ്യത്തില്‍ സ്വകാര്യ ബസ്സില്‍നിന്ന് യുവതിയും പിഞ്ചുകുഞ്ഞും റോഡിലേക്ക് തെറിച്ചുവീണു. അമ്പലപ്പുഴ കോമന പുത്തന്‍പറമ്പ് ദിവ്യ (28), സഹോദരിയുടെ മകന്‍ അലന്‍ ബാബു (ഒന്നര) എന്നിവര്‍ക്കാണ് അപകടമുണ്ടായത്.
തലയടിച്ച് റോഡില്‍ വീണ യുവതി പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. വണ്ടിക്കാരുമായി ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് നല്‍കിയ ഉപദേശം.
ആലപ്പുഴ മുല്ലയ്ക്കല്‍ ജങ്ഷന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണമായി പറയപ്പെടുന്നത്.
മത്സ്യഫെഡ് ഓഫീസില്‍ പോയി മടങ്ങുന്ന വഴിയാണ് ദിവ്യയും അലന്‍ബാബുവും അപകടത്തില്‍പ്പെട്ടത്. വാതിലിന് സമീപത്തായുള്ള സീറ്റിലാണ് ഇരുവരും ഇരുന്നിരുന്നത്.
അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് മുല്ലയ്ക്കല്‍ ജങ്ഷന് സമീപം പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ യുവതിയും കുഞ്ഞും ബസ്സില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എതിര്‍ദിശയില്‍നിന്ന് വന്ന ബൈക്ക് കുറുകെചാടിയതാണ് ബ്രേക്ക് പിടിക്കാന്‍ കാരണമായതെന്നാണ് ബസ് ജീവനക്കാരുടെ ന്യായീകരണം.
ബസ്സില്‍നിന്ന് തലയിടിച്ച് റോഡില്‍ വീണ ദിവ്യയ്ക്ക് തലയ്ക്കും കൈയിലും പരിക്കുകളുണ്ട്. പരിക്ക് പറ്റിയ ഇവര്‍ ആലപ്പുഴ ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ക്കെതിരെ ദിവ്യ ആലപ്പുഴ ട്രാഫിക് പോലീസില്‍ പരാതി നല്‍കിയത്. ബസ് ജീവനക്കാരില്‍നിന്ന് ആസ്​പത്രിച്ചെലവിനുള്ള പണംവാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് നിര്‍ബന്ധിച്ചതായി ദിവ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ബസ്സില്‍നിന്ന് പുറത്തേക്ക് വീണെങ്കിലും യുവതിക്കും കുഞ്ഞിനും പരിക്കുകളില്ലാത്തതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പോലീസ് പറയുന്ന ന്യായം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ബസ് ജീവനക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച വച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബസ്സിന്റെ പേര് പുറത്തുപറയാന്‍പോലും പോലീസ് അധികൃതര്‍ മടി കാണിച്ചു.
എന്നാല്‍, ബസ് ജീവനക്കാരുമായി ഒത്തുകളിച്ച് പോലീസ് തങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നില്ലെന്ന് ദിവ്യയും ബന്ധുക്കളും പരാതിപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close