സ്വപ്‌നങ്ങള്‍ പങ്കുവച്ച്, സഹകരണം തേടി ജോയ്‌സ് ജോര്‍ജ്‌

തൊടുപുഴ: കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമുതല്‍ ജില്ലയുടെ വിദ്യാഭ്യാസ ഉന്നതിവരെ തന്റെ സ്വപ്‌നങ്ങളാണെന്ന് നിയുക്ത എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജ്. അലാവുദ്ദീന്റെ അത്ഭുതവിളക്കൊന്നും തന്റെ കൈയിലില്ല. ഒരുദിവസംകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ എല്ലാ വിഷയങ്ങളും സമഗ്രമായി പഠിക്കാനുള്ള ശ്രമമെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടാകും-ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍, കസ്തൂരിരംഗന്‍ വിഷയങ്ങള്‍, നാണ്യവിളകളുടെ വിലയിടിവ്, വികസനപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവച്ചു.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ മറവില്‍ ജനങ്ങളുടെ ഭൂമിയുടെമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഹിതപരിശോധനയായിരുന്നു ഇടുക്കിയിലെ തിരഞ്ഞെടുപ്പ്. പരിസ്ഥിതിസംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അത് അവിടെ താമസിക്കുന്ന ജനങ്ങളെ വിശ്വാസത്തിലെടുത്താവണം. ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അന്തര്‍ദേശീയ അജണ്ട അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്. തന്റെ വിജയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള സന്ദേശമാണ്. അവര്‍ക്ക് തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ടിവരും. ഒരു സര്‍ക്കാരിന് ഒരു പ്രദേശത്തെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കാനാവില്ല. പ്രശ്‌നത്തെ പുതിയ സര്‍ക്കാര്‍ വിവേകത്തോടുകൂടി സമീപിക്കുമെന്നാണ് ഉത്തമവിശ്വാസം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിച്ചേല്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരുകള്‍ മാറിയാലും ഭരണഘടന മാറുന്നില്ലല്ലോ. ഫെഡറല്‍ സംവിധാനമനുസരിച്ച് ഒരു സര്‍ക്കാരിനും തീരുമാനങ്ങള്‍ അടിച്ചേല്പിക്കാനാവില്ല.
മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍ കേസ് നമുക്കൊരു പാഠമാണ്. ഡാമിന്റെ താഴ്വാരത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കകള്‍ കോടതിയിലെത്തിക്കാന്‍ കേരളത്തിനു കഴിഞ്ഞില്ല. 1935 മുതല്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുണ്ട്. 1970ല്‍ കരാര്‍ പുതുക്കുകയുംചെയ്തു. എല്ലാക്കാലത്തും തമിഴ്‌നാടിന് അനുകൂലമായ േരഖകളാണ് കോടതിയിലെത്തിയത്. തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ കേരളം തയ്യാറാണ്. എന്നാല്‍ കരാറിന്റെ സാധുതയെക്കാളേറെ മാനുഷികപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരളം ശ്രമിക്കണമായിരുന്നു. റിവ്യൂഹര്‍ജികൊണ്ട് കാര്യമില്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടത്. രണ്ടു സംസ്ഥാനത്തിന്റെയും താല്പര്യം സംരക്ഷിക്കുന്നവിധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാവും.
കാര്‍ഷികപ്രശ്‌നങ്ങള്‍
തൊഴിലെടുക്കുന്നവന് മിനിമംകൂലി ഉറപ്പാക്കുന്ന നിയമം നമുക്കുണ്ട്. എന്നാല്‍ കൃഷിപ്പണി ചെയ്യുന്നവന് മിനിമം വില കിട്ടാന്‍ ഒരു സംവിധാനവുമില്ല. റബ്ബര്‍, കോഫി, സ്‌പൈസസ് ബോര്‍ഡുകള്‍ ഉല്പാദനം കൂട്ടാന്‍ കര്‍ഷകനെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ ഉല്പാദനം കൂട്ടുമ്പോള്‍ വില കിട്ടിയില്ലെങ്കില്‍ അവര്‍ ഒന്നും ചെയ്യുന്നുമില്ല. കര്‍ഷകന് വില കിട്ടുന്ന നിയമങ്ങള്‍ ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലുണ്ട്. എന്നാല്‍ അറുപതു ശതമാനത്തിലധികംപേര്‍ കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്ന ഇന്ത്യയില്‍ അങ്ങനെയൊരു നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമാണ്. നിയമം ഉണ്ടാകുന്നതുവരെ കര്‍ഷകരെ വിധിക്കു വിട്ടുകൊടുക്കാനുമാവില്ല. ടയര്‍ലോബി റബ്ബര്‍വിലയിടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അനുകൂലമായാണ് സര്‍ക്കാര്‍നടപടികള്‍ ഉണ്ടാകുന്നത്. റബ്ബറിന്റെ ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടാന്‍ ഉടന്‍ നടപടിയുണ്ടാവണം. പത്രപ്രസ്താവനകളല്ല, നടപടികളാണ് വേണ്ടത്. സ്‌പൈസസ് ബോര്‍ഡിന്റെ ഇടുക്കിയിലെ മേഖലാ ഓഫീസ് നിര്‍ത്താന്‍പോകുകയാണെന്നും വാര്‍ത്തകളുണ്ട്. എങ്കില്‍ കടുത്ത പ്രക്ഷോഭം നേരിടേണ്ടിവരും.
വികസനപ്രശ്‌നങ്ങള്‍
ഹൈറേഞ്ചിലെ ആസ്​പത്രികളില്‍ പ്രതിവിഷം ഇല്ലാത്തതിനാല്‍ സഹോദരന്‍ പാമ്പുകടിയേറ്റ് തന്റെ ജീപ്പില്‍ക്കിടന്നു മരിച്ചത് ജോയ്‌സ് വിവരിച്ചു. ചികിത്സാസൗകര്യങ്ങളില്‍ ഇടുക്കി ഇന്നും പിന്നാക്കമാണ്. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചത്. ഇടുക്കിക്കാര്‍ അത്യാവശ്യം സൗകര്യങ്ങളിലേക്ക് എത്തുന്നതേയുള്ളൂ, ഇപ്പോഴും. അപ്പോഴാണ് അവരുടെമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചത്. അതിനെതിരെയാണ് ജനവികാരമുണ്ടായത്.
നമുക്ക് വലിയ പദ്ധതികള്‍ മാത്രംപോരാ. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. എസ്.സി./എസ്.ടി. ഫണ്ട് പകുതിയും ലാപ്‌സായിപ്പോകുന്ന സ്ഥിതിയാണ്. അതൊക്കെ നിരീക്ഷിക്കപ്പെടണം, ഇടനിലക്കാരെ തിരിച്ചറിയണം.

ഒരു ജനത സ്വയം ശാക്തീകരിക്കപ്പെടുന്നതിന്റെ തെളിവുകൂടിയാണ് തന്റെ വിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇടുക്കി പിന്നിലാണ്. തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോള്‍ രാഷ്ട്രീയനേതൃത്വമല്ല, ഉന്നത ഉദ്യോഗസ്ഥരാണ്. ആ തലത്തിലേക്ക് ജില്ലയില്‍നിന്നുള്ളവര്‍ എത്തിച്ചേരണം. ഇടുക്കിയില്‍നിന്ന് കൂടുതല്‍ സിവില്‍ സര്‍വീസുകാര്‍, അത് തന്റെ സ്വപ്‌നമാണ്. ഇക്കാര്യത്തില്‍ സമാനമനസ്‌കരുമായി ആലോചിക്കും-ജോയ്‌സ് പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി ഹാരീസ് മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി.രതീഷ് നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close