സ്വിസ് വലയില്‍ ഗോള്‍ മഴ

swis franse

സ്വിസ് വലയില്‍ ഗോള്‍ മഴപെയ്യിച്ച് ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടിനെതിരെ 5 ഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ഒലിവര്‍ ജിറോഡ് ബ്ലെയ്‌സ് മറ്റ്യൂഡി , മാത്യു വാല്‍ബ്യൂന, കരീം ബെന്‍സീമ, മൗസ സിസ്സോക്കോ എന്നിവരാണ് ഫ്രഞ്ച് സ്‌കോറര്‍മാര്‍. അഞ്ച് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ഫ്രാന്‍സ് രണ്ട് ഗോള്‍ വഴങ്ങിയത്. 81-ാം മിനിറ്റില്‍ സെമെയ്‌ലിയും 87-ാം മിനിറ്റില്‍ ഷാക്കയുമാണ്
സ്വിറ്റ്സര്‍ലാന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.

32-ാം മിനിറ്റില്‍ വീണുകിട്ടിയ ഒരു പെനാല്‍റ്റിയാണ് ബെന്‍സീമ തുലച്ചു കളഞ്ഞത്. ഹോണ്ടുറാസിനെതിരെ രണ്ടു ഗോള്‍ നേടിയ കരീം ബെന്‍സീമയുടെ ഷോട്ട് ഗോളി ബെനഗ്ലിയോ തടയുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഒരിക്കല്‍ക്കൂടി ബെന്‍സീമ വല ചലിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങിയിരുന്നു. ഗോള്‍ഡന്‍ ബൂട്ടിലേയ്ക്ക് ഒറ്റയ്ക്ക് മുന്നിലെത്താനായില്ലെങ്കിലും ബെന്‍സീമ തന്നെയായിരുന്നു ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുന. ഫ്രാന്‍സിന്റെ എല്ലാ ഗോളിലും ബെന്‍സിമയുടെ സ്പര്‍ശമുണ്ടായിരുന്നു.

16ാം മിനുട്ടില്‍ വിന്‍ബ്യൂനയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ജിറോഡ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. ജിറോഡിന്റെ ആദ്യത്തെയും ഫ്രാന്‍സിന്റെ 100ാമത്തെയും ലോകകപ്പ് ഗോളായിരുന്നു ഇത്. ഗോള്‍ വീണ യാഥാര്‍ത്ഥ്യം സ്വിറ്റ്സര്‍ലാന്റ് അറിയും മുമ്പേ അടുത്ത ഗോളും പിറന്നു. ബെന്‍സീമ നല്‍കിയ പാസ് വലയിലാക്കാന്‍ മറ്റ്യൂഡിക്ക് പ്രയാസപ്പെടേണ്ടി വന്നില്ല.
ഫ്രഞ്ച് പടയോട്ടമായിരുന്നു പിന്നീട്. 40-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തില്‍ നിന്ന് മൂന്നാം ഗോള്‍ പിറന്നു. ഒളിവര്‍ ജിറോഡ് നല്‍കിയ പാസില്‍ നിന്ന് വാന്‍ബ്യൂനയുടെ ഗോള്‍. ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ബെന്‍സിമയുടെ ഗോളെത്തി. 67-ാം മിനിറ്റില്‍ പോള്‍ പോഗ്ബ ബോക്‌സിലേയ്ക്ക് നീട്ടി നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ബെന്‍സിമ വലയിലേക്ക് തൊടുത്തു. ലോകകപ്പില്‍ ബെന്‍സീമയുടെ മൂന്നാം ഗോള്‍.‌ 73ാം മിനുട്ടില്‍ തകര്‍ന്നടിഞ്ഞ സ്വിസ് ബാങ്കില്‍ ഫ്രാന്‍സ് ഒരിക്കല്‍ കൂടി നിക്ഷേപം നടത്തി. ബെന്‍സീമ തന്നെയായിരുന്നു ഈ ഗോളിന് പിന്നിലെയും മാസ്റ്റര്‍ ബ്രെയിന്‍. ബെന്‍സിമ തള്ളിക്കൊടുത്ത പന്ത് സിസ്സോക്കൊ വലയിലാക്കി. ഫ്രാന്‍സ് ഇനിയെത്ര അടിക്കും എന്ന് കാത്തിരുന്നപ്പോഴാണ് ആശ്വാസമായി സ്വിറ്റ്സര്‍ലാന്‍ഡ് രണ്ട് ഗോള്‍ നേടിയത്. 30 വാര അകലെ നിന്നുള്ള ഫ്രീ കിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ആറ് മിനിറ്റിനുള്ളില്‍ ഒരിക്കല്‍ കൂടി അവര്‍ ഫ്രഞ്ച് വല ചലിപ്പിച്ചു. ഷാക്കെയായിരുന്നു സ്കോറര്‍.
ജയത്തോടെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ സ്വിറ്റ്സര്‍ലാന്റിന് മുന്നേറാന്‍ അവസാന മത്സരത്തില്‍ ജയിക്കണം

Show More
Close
Close