സ്‌നോഡന് മൂന്നുവര്‍ഷം കൂടി റഷ്യയില്‍ അഭയം

യുഎസിന്റെ രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി ലോകശ്രദ്ധ നേടിയ എഡ്വേഡ് സ്‌നോഡനു റഷ്യ മൂന്നുവര്‍ഷം കൂടി താമസാനുമതി നല്‍കി. ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തിലാണിത്. ലോകമൊന്നടങ്കം യുഎസ് നടത്തുന്ന ചാരപ്രവര്‍ത്തനത്തിന്റെയും ഫോണ്‍/ഇ-മെയില്‍ ചോര്‍ത്തലിന്റെയും വിവരങ്ങള്‍ പുറത്തുവിട്ടു കോളിളക്കം സൃഷ്ടിച്ച സ്‌നോഡനു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണു റഷ്യ അഭയം നല്‍കിയത്.

അതിനു മുന്‍പ് ആറാഴ്ചയോളം മോസ്‌കോയിലെ വിമാനത്താവളത്തില്‍ കഴിയുകയായിരുന്നു. ചോര്‍ത്തലുമായി ബന്ധപ്പെട്ട കേസിനു യുഎസ് തേടുന്ന മുഖ്യപ്രതിയാണു സ്‌നോഡന്‍. മൂന്നു വര്‍ഷത്തിനു ശേഷവും അവിടെ താമസിക്കണമോ എന്നു സ്‌നോഡനു തീരുമാനിക്കാം. അഞ്ചു വര്‍ഷം താമസം പൂര്‍ത്തിയാക്കിയാല്‍ പൗരത്വത്തിനും അപേക്ഷിക്കാം.

2018ല്‍ സ്‌നോഡന്‍ ഇതിന് അര്‍ഹത നേടും. യുസ്രെകയ്ന്‍ പ്രശ്‌നത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളും യുഎസുമായി റഷ്യയുടെ ബന്ധം അത്യന്തം വഷളായി നില്‍ക്കുന്ന സമയത്താണു പുതിയ തീരുമാനം. ശീതയുദ്ധകാലത്തേതിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. യുക്രെയ്ന്‍ പ്രശ്‌നത്തിന്റെ പേരില്‍ യുഎസും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ചില ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനു മറുപടിയായി യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള ഭക്ഷ്യസാധന ഇറക്കുമതി നിര്‍ത്തിവച്ചു റഷ്യ തിരിച്ചടിച്ചു. ഐടി വിദഗ്ധനായ സ്‌നോഡന്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. സുരക്ഷയ്ക്കായി സ്വകാര്യ അംഗരക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close